യുട്യൂബിൽ ശ്രദ്ധ നേടി ഗാനാമൃതവർഷിണി
- IndiaGlitz, [Monday,May 29 2023]
മുപ്പത്തി മൂന്നോളം സംഗീതജ്ഞരെ ഒന്നിച്ചു ചേർത്ത് മൂകാംബികാ ദേവിയെക്കുറിച്ച് രഞ്ജിത്ത് മേലേപ്പാട്ടിൻ്റെ സംഗീത സംവിധാനത്തിൽ റിഥം ലാബ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പുറത്തിറക്കിയ സംഗീത നൃത്ത ആവിഷ്കാരം ഗാനാമൃതവർഷിണി യുട്യൂബിൽ വളരെയധികം ശ്രദ്ധ നേടി. സിത്താര കൃഷ്ണകുമാർ ആണ് ഗാനം ആലപിച്ചു നൃത്തം ചെയ്തിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവ് ബിജു ധ്വനിതരംഗ് ആണ് കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. ക്യാമറ ചലിപ്പിച്ചത് സിനിമാ പിന്നണിയിൽ പ്രവർത്തിക്കുന്ന അരുൺ ഭാസ്കർ.
പ്രസിദ്ധ സാരംഗി വാദകനായ മോമീൻ ഖാൻ, യുട്യൂബ് താരമായ മഹേഷ് രാഘവൻ, പണ്ഡിറ്റ് രാജീവ് ജനാർദ്ദനൻ(സിത്താർ), പോളി വർഗീസ്, എബി സാൽവിൻ തോമസ്, അശ്വിൻ ശിവദാസ്, രൂപരേവതി തുടങ്ങി മുപ്പത്തിമൂന്ന് പ്രഗത്ഭരായ സംഗീതജ്ഞരെ കോർത്തിണക്കി കൊണ്ടാണ് ശ്രീ രഞ്ജിത്ത് മേലേപ്പാട്ട് ഈ സംഗീത ശില്പത്തിന് നേതൃത്വം കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ കൊച്ചിയിലെ മൈ സ്റ്റുഡിയോയിലാണ് റിക്കാഡിങ്ങ് ജോലികൾ നടന്നത്.