ഫ്രഞ്ച് സ്‌ട്രൈക്കർ കരിം ബെൻസിമ റയൽ മാഡ്രിഡ് വിടുന്നു. ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ ബെൻസിമ പടിയിറങ്ങുന്നതായി റയൽ മാഡ്രിഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത സീസണിൽ, സൗദി അറേബ്യയിലേക്ക് താരം ചേക്കേറുമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അത്‌ലറ്റിക് ക്ലബുമായുള്ള ലാ ലിഗയിലെ അവസാന പോരാട്ടം ബെന്‍സിമയുടേയും ടീമിനായുള്ള അവസാന മത്സരമായിരിക്കും.
2009ല്‍ തൻ്റെ 21ാം വയസിലാണ് ബെന്‍സിമ സ്പാനിഷ് അതികായരുടെ ക്യാമ്പിലെത്തിയത്. 2021-22 സീസണില്‍ റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നതില്‍ താരം നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പ്രസ്തുത സീസണിലെ ബാലന്‍ ദി ഓര്‍ പുരസ്കാരവും ബെന്‍സിമയ്ക്കായിരുന്നു. 2014 മുതൽ തുടർച്ചയായ മൂന്നു വർഷം ചാമ്പ്യൻസ് ലീഗ് കിരീടം സാന്റിയാഗോ ബെർണ്യാബുവിൻ്റെ മണ്ണിലെത്തിക്കാൻ ഈ ടീമിന് സാധിച്ചു. അഞ്ച് ചാമ്പ്യന്‍സ് ലീഗും നാല് ലാ ലിഗയും ഉള്‍പ്പടെ റയലിനൊപ്പം 25 കിരീടങ്ങളാണ് ബെന്‍സിമ സ്വന്തമാക്കിയത്. 2009-ല്‍ ലിയോണില്‍ നിന്നായിരുന്നു ഫ്രഞ്ച് താരം റയലിലെത്തിയത്. 647 മത്സരങ്ങളില്‍ നിന്ന് 353 ഗോളുകളാണ് സ്പാനിഷ് വമ്പന്മാര്‍ക്കായി ബെന്‍സിമ സ്കോര്‍ ചെയ്തത്.