മോദിക്ക് ഫ്രാൻസിൻ്റെ പരമോന്നത പുരസ്കാരം നൽകി ഫ്രഞ്ച് പ്രസിഡന്റ്‌

  • IndiaGlitz, [Friday,July 14 2023]

ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിൻ്റെ പരമോന്നത പുരസ്കാരമായ ‘സൈന്യത്തിൻ്റെ മഹത്തായ കുരിശ്’ സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ഇതോടെ മോദി, ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ പുരസ്കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി. പുരസ്കാരത്തിന് ഇന്ത്യൻ ജനതയുടെ പേരിൽ മോദി നന്ദി പറഞ്ഞു. ഫുട്ബോൾ താരം കിലിയൻ എംബാപ്പയെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. എംബാപ്പെ ഇന്ത്യൻ യുവാക്കൾക്കിടയിൽ സൂപ്പർ ഹിറ്റാണെന്നും ഫ്രാൻസുകാരേക്കാൾ കൂടുതൽ ഇന്ത്യക്കാർക്കിടയിൽ എംബാപ്പെ അറിയപ്പെടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ യുപിഐ (യുണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ്) പണമിടപാട് സംവിധാനം ഇനിമുതൽ ഫ്രാൻസിലും ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുപിഐ സംവിധാനം ഫ്രാൻസിൽ അംഗീകരിക്കുന്നതോടെ കൈയിൽ പണമോ കാർഡോ കരുതേണ്ട സാഹചര്യം ഇല്ലാതാകുമെന്നും മോദി പറഞ്ഞു. പാരിസിൽ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ, സെനറ്റ് അധ്യക്ഷൻ ജെറാർഡ് ലാഷെർ, ദേശീയ സഭാധ്യക്ഷൻ ബ്രാൻ പിവെറ്റ് എന്നിവരുമായി വ്യാഴാഴ്ച മോദി ചർച്ച നടത്തി. രാത്രി പാരീസിലെ ചരിത്ര പ്രസിദ്ധമായ ലാ സിൻ മ്യുസിക്കേലിൽ നടന്ന പൊതുസമ്മേളനത്തിൽ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. രാത്രി മോദിയുടെ ബഹുമാനാർഥം പ്രസിഡന്റ് മാക്രോൺ ഒരുക്കിയ അത്താഴ വിരുന്നിലും മോദി പങ്കെടുത്തിരുന്നു.