പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ
- IndiaGlitz, [Tuesday,May 09 2023]
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പുറത്തുവച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്ഐആറുകളിൽ ജാമ്യം തേടാനാണ് ഇമ്രാൻ ഖാൻ കോടതിയിൽ എത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇമ്രാൻ ഖാനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ച പിടിഐ, രാജ്യവ്യാപകമായി പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തു.
അൽ ഖാദിർ ട്രസ്റ്റ് കേസിൽ ഇമ്രാൻ ഖാൻ്റെ അറസ്റ്റു രേഖപ്പെടുത്തിയതായി ഇസ്ലാമാബാദ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഡോ. അക്ബർ നാസിർ ഖാൻ സ്ഥിരീകരിച്ചു. നേരത്തേയും ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും പ്രവര്‍ത്തകരുടെ പ്രതിഷേധം മൂലം അതിന് കഴിഞ്ഞിരുന്നില്ല. 70കാരനായ ഇമ്രാനെതിരെ പാകിസ്താനില്‍ 83 കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസം സൈന്യത്തിനും ഭരണകൂടത്തിനും എതിരെ ഗുരുതര ആരോപണവുമായി ഇമ്രാൻ ഖാൻ രംഗത്തെത്തിയിരുന്നു. ഒരു പട്ടാള മേധാവി തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ നടപടി.