പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു
- IndiaGlitz, [Monday,February 06 2023]
പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (79) അന്തരിച്ചു. ദുബായിലെ അമേരിക്കന്‍ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു അന്ത്യം. മൃതദേഹം പാകിസ്ഥാനിലേക്ക് കൊണ്ടു പോകും. ഇന്ന് പ്രത്യേക വിമാനത്തിലാവും പർവേസ് മുഷറഫിൻ്റെ മൃതേദഹം കൊണ്ടു പോകുക. ശരീരത്തില്‍ അമിതമായി മാംസ്യം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ‘അമിലോയ്ഡോസിസ്’ എന്ന രോഗത്തിന് ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിൻ്റെ മരണം. കഴിഞ്ഞ ജൂണിൽ ആരോഗ്യനില വഷളായതു മുതൽ ആശുപത്രിയിലായിരുന്നു. മുഷറഫ് പട്ടാള മേധാവി ആയിരിക്കെയാണ് 1999 ജൂലൈയിൽ പാക്ക് സൈന്യം കാർഗിലിൽ കയ്യേറ്റം നടത്തിയത്. പാക്ക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ വധത്തിനു കാരണമായ സുരക്ഷാവീഴ്ച ഉൾപ്പെടെ ഒട്ടേറെ കേസുകൾ നേരിടുന്ന മുഷറഫ് 2016 മാർച്ചിൽ ചികിത്സയ്ക്കു ദുബായിൽ എത്തിയശേഷം മടങ്ങിയിരുന്നില്ല.
1943 ഓഗസ്റ്റ് 11ന് അവിഭക്ത ഇന്ത്യിലെ ദില്ലിയിലാണ് പർവേസ് മുഷറഫ് ജനിച്ചത്. 1999 ഒക്ടോബര്‍ 13 ന് നവാസ് ഷെരീഫിൻ്റെ സര്‍ക്കാരിനെ ഒറ്റ രാത്രികൊണ്ട് അട്ടിമറിച്ചാണ് മുഷറഫ് അധികാരത്തിലേക്കെത്തുന്നത്. നവാസ് ഷെരീഫിനെ തടവിലാക്കിയ മുഷറഫ്, 2001-ല്‍ പാകിസ്താന് പ്രതിരോധ സേനയുടെ സമ്പൂര്‍ണ മേധാവിയായി പട്ടാള ഭരണത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. അതേ വര്‍ഷം കരസേനാ മേധാവി സ്ഥാനം നിലനിര്‍ത്തി രാജ്യത്തിൻ്റെ പ്രസിഡണ്ടായി. ഏകാധിപത്യഭരണ നയം സ്വീകരിച്ചിരുന്ന മുഷറഫിനെതിരേ 2013-ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി. അറസ്റ്റ് ഭയന്ന് പാകിസ്താൻ വിട്ട മുഷറഫ് 2016 മുതൽ ദുബായിലാണു കഴിയുന്നത്.