സൂര്യകുമാർ യാദവിനെ പുകഴ്ത്തി മുൻ ക്രിക്കറ്റ് താരങ്ങൾ

സൂര്യകുമാർ യാദവിനെ ലോകത്തിലെ ഏറ്റവും മികച്ച ടി20 കളിക്കാരനെന്ന് പ്രശംസിച്ച് മുൻ ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ആർ‌സി‌ബിയ്‌ക്കെതിരെ മുംബൈയ്ക്ക് വേണ്ടി കളിച്ച മാച്ച് വിന്നിംഗ് ഇന്നിംഗ്‌സിന് ശേഷമാണ് സൂര്യകുമാർ യാദവിനെക്കുറിച്ചുള്ള സൗരവ് ഗാംഗുലിയുടെ വാക്കുകൾ. സൂര്യയുടെ ബാറ്റിംഗ് കാണുമ്പോള്‍ ബൗളര്‍മാരെ കളിപ്പാവകളാക്കുന്ന ബാറ്റര്‍മാരുടെ ഗള്ളി ക്രിക്കറ്റാണ് ഓര്‍മ വരുന്നതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ പറഞ്ഞു. സ്ഥിരമായ പരിശീലനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ആണ് സൂര്യ ഈ മികവാര്‍ജ്ജിച്ചത്. സൂര്യയുടെ ബോട്ടം ഹാന്‍ഡിന്‍റെ ശക്തിയാണ് അവന്‍റെ ഷോട്ടുകള്‍ക്ക് ഇത്രയും കരുത്തു നല്‍കുന്നത്. ആര്‍സിബിക്കെതിരെ ആദ്യം ലോംഗ് ഓണിലേക്കും ലോംഗ് ഓഫിലേക്കും ഷോട്ടുകള്‍ കളിച്ചു തുടങ്ങിയ സൂര്യ പിന്നീട് ബൗളര്‍മാരെ ഗ്രൗണ്ടിന്‍റെ നാലുപാടും പറത്തിയെന്നും ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൻ്റെ 16ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ആര്‍സിബിയെ തകർത്ത് മുംബൈക്ക് അനായാസ ജയമൊരുക്കിയത് സൂര്യകുമാര്‍ യാദവിൻ്റെ വെടിക്കെട്ട് ബാറ്റിങ്ങാണ്. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ സൂര്യ 35 പന്തില്‍ 83 റണ്‍സ് നേടിയാണ് പുറത്തായത്. ഏഴ് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 237.14 സ്‌ട്രൈക്കറേറ്റിലാണ് സൂര്യകുമാര്‍ യാദവിൻ്റെ പ്രകടനം. ആര്‍സിബി ബൗളര്‍മാരെ ഒന്നുമല്ലാതാക്കി കളയുന്ന ബാറ്റിങ് പ്രകടനമാണ് സൂര്യ കാഴ്ചവെച്ചത്. ഇതോടെ ഐപിഎല്ലില്‍ 3000 റണ്‍സ് തികച്ചിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവ്. വാഖ്ഡെ സ്റ്റേഡിയത്തിൽ ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവുമായി നടന്ന മത്സരത്തിൽ 15ാം ഓവറിലെ മൂന്നാം പന്തില്‍ സിക്‌സർ പായിച്ചാണ് സൂര്യകുമാർ ഈ നാഴികക്കല്ല് പിന്നിട്ടത്.