മുൻ മുഖ്യമ​ന്ത്രി ഉമ്മൻചാണ്ടി ആശുപത്രിയിൽ

  • IndiaGlitz, [Friday,May 05 2023]

മുൻ മുഖ്യമ​ന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഐസിയുവിലാണ് അദ്ദേഹം. വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയെ കാണുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും എല്ലാവരും പ്രാർഥിക്കണമെന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു.

അര്‍ബുദ ബാധിതനായ ഉമ്മന്‍ചാണ്ടി ബെംഗളൂരുവിലെ ചികിത്സയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു. ഉമ്മൻ ചാണ്ടിക്ക് അദ്ദേഹത്തിന്റെ കുടുംബം ചികിത്സ നിഷേധിക്കുന്നു എന്നാരോപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ആരോഗ്യമന്ത്രി ഇടപെടുകയും മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെ അദ്ദേഹത്തെ ചികിത്സക്കായി ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു.