സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് എ.എം അഹമ്മദി അന്തരിച്ചു

  • IndiaGlitz, [Thursday,March 02 2023]

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ എം അഹമ്മദി ഇന്ന് പുലർച്ചെ അന്തരിച്ചു. 90 വയസ്സായിരുന്നു. 1994 ഒക്ടോബർ 25 മുതൽ 1997 മാർച്ച് 24 ന് വിരമിക്കുന്നതുവരെ ചീഫ് ജസ്റ്റിസ് ആയിരുന്നു. ഏറ്റവും കൂടുതല്‍ കാലം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്ന വ്യക്തികളില്‍ ഒരാള്‍കൂടിയാണ് അദ്ദേഹം.1964 ൽ അഹമ്മദാബാദ് സിറ്റി സിവിൽ & സെഷൻസ് കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 1976ൽ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായി. 1988 ഡിസംബറിൽ സുപ്രീം കോടതിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം 1994 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.

സുപ്രീം കോടതി ജസ്റ്റിസ്, ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്ത് 232 വിധിന്യായങ്ങൾ അദ്ദേഹം പ്രസ്താവിച്ചു. 811 കേസുകൾ പരിഗണിച്ച ബെഞ്ചുകളുടെ ഭാഗവുമായിരുന്നു. പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണ വിഷയത്തിലെ നാഴികക്കല്ലായ ഇന്ദ്ര സാഹ്നി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ (1992 നവംബർ 16), ബാബരി മസ്ജിദുമായി ബന്ധപ്പെട്ട ഇസ്മായിൽ ഫാറൂഖി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ (1994 ഒക്ടോബർ 24) ‘ തുടങ്ങിയ സുപ്രധാന വിധിന്യായങ്ങളിൽ ജസ്റ്റിസ് അഹമ്മദി ഭാഗമായിരുന്നു. 1932ൽ ഗുജറാത്തിലെ സൂറത്തിലാണ് ജസ്റ്റിസ് അസീസ് മുഷബ്ബർ അഹമ്മദിയുടെ ജനനം.