വ്യാജ രേഖ തട്ടിപ്പ്: മഹാരാജാസ് കോളജില്‍ തെളിവെടുപ്പു നടത്തി
- IndiaGlitz, [Monday,June 12 2023]
എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ വ്യാജരേഖ ഉണ്ടാക്കി അധ്യാപക ജോലി നേടിയെന്ന കേസില്‍ പൊലീസ് എറണാകുളം മഹാരാജാസ് കോളജിലെത്തി തെളിവെടുപ്പു നടത്തി. അഗളി ഡിവൈഎസ്പി എന്‍ മുരളീധരൻ്റെ നേതൃത്വത്തിലാണ് മഹാരാജാസിലെത്തി തെളിവുകള്‍ ശേഖരിച്ചത്. അന്വേഷണ സംഘം ചോദിച്ച രേഖകളെല്ലാം നല്‍കിയെന്ന് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശര്‍മിള വ്യക്തമാക്കി. വിദ്യയ്‍ക്കെതിരായ വ്യാജരേഖ കേസ്, പിഎച്ച്ഡി പ്രവേശനത്തിലെ ക്രമക്കേടുകൾ എന്നിവയാണ് അന്വേഷണ വിധേയമാക്കുന്നത്.
കോളേജിൽ ഉപയോഗിക്കുന്ന സീലും ഒപ്പും അല്ല സർട്ടിഫിക്കറ്റിൽ വിദ്യ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് കോളേജ് വ്യക്തമാക്കുന്നത്. തീയതി അടക്കമുള്ള കാര്യങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റിൽ തെറ്റുകൾ ഉണ്ടെന്നാണ് കേളേജ് അറിയിക്കുന്നത്. ഇതിനിടെ, കെ. വിദ്യ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും മുൻകൂർ ജാമ്യം അനുവദിക്കണം എന്നുമാണ് ഹർജിയിൽ പറയുന്നത്. വ്യാജരേഖ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടില്ലാത്തതിനാൽ പോലീസ് ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ കുറ്റമായ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 468 നിലനിൽക്കില്ലെന്നാണ് പ്രധാന വാദം. വ്യാജരേഖ ചമയ്ക്കൽ (വകുപ്പ് 465), വ്യാജരേഖ ഉപയോഗിച്ച് വഞ്ചനയ്ക്ക് ശ്രമിക്കൽ (വകുപ്പ് 471) എന്നിവ ജാമ്യം ലഭിക്കുന്ന കുറ്റങ്ങളാണെന്നും മുതിർന്ന അഭിഭാഷകൻ പി.വിജയഭാനു വഴി ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി.