തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം
- IndiaGlitz, [Monday,April 24 2023]
തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ടു ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. ആലിലയും മാവിലയും ദർഭയും കൊണ്ടലങ്കരിച്ച കവുങ്ങിൻ കൊടിമരം ഉയർത്തുന്നതോടെ പൂരാവേശത്തിലേക്ക് നഗരം കടക്കും. ലാലൂർ, അയ്യന്തോൾ, ചെമ്പുക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക, കണിമംഗലം ചൂരക്കാട്ടുകാവ്, നെയ്തലക്കാവ് എന്നീ ഘടക ക്ഷേത്രങ്ങളിലാണ് പൂരം കൊടിയേറുക. വൈകുന്നേരം മൂന്നിനാണ് പൂരം പുറപ്പാട്. നായ്‌ക്കനാലിലും നടുവിലാലിലും നീല, മഞ്ഞ നിറങ്ങളിൽ പൂരപ്പതാകകൾ ഉയർത്തും.
ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ച ശേഷം നടുവിൽ മഠത്തിൽ ആറാട്ടും കഴിഞ്ഞാണ് ഭഗവതി തിരുവനമ്പാടി ക്ഷേത്രത്തിൽ തിരിച്ചെത്തുക. തുടർന്നുള്ള ദിവസങ്ങളിൽ ഭഗവതി വിവിധ സ്ഥലങ്ങളിൽ പറയെടുപ്പിനും ആറാട്ടിനുമെത്തും. തിരുവമ്പാടി, പാറമേക്കാവ് വെടിക്കെട്ട് നിര്‍മാണം അവസാന ഘട്ടത്തിലാണ്. നാല്‍പതിലേറെ തൊഴിലാളികളുടെ ഏറെ നാള്‍ നീണ്ട പ്രയത്നമുണ്ട് വെടിക്കെട്ടിനു പിന്നില്‍. ഓരോ വര്‍ഷവും അമിട്ടുകള്‍ക്ക് വ്യത്യസ്ത പേരുകളാണ് ദേശക്കാര്‍ ഇടാറുള്ളത്. വെള്ളിയാഴ്ച വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട്. 30നാണ് പൂരം. മെയ് ഒന്നിന് പുലർച്ചെ വെടിക്കെട്ടും ഉച്ചക്ക് സമാപന വെടിക്കെട്ടും നടക്കും.