സോളാർ കേസിലെ ഒന്നാം പ്രതിക്ക് കോടതിയിൽ ഹാജരാകാൻ ഉത്തരവ്

  • IndiaGlitz, [Thursday,October 19 2023]

സോളാർ കേസിലെ പരാതിക്കാരി അന്വേഷണ കമീഷന്‌ മുന്നിൽ ഹാജരാക്കിയ കത്തിൽ കൃത്രിമത്വം നടത്തിയെന്ന് കോടതി. നാല്‌ പേജ്‌ കൂട്ടിച്ചേർത്തതാണെന്നും അതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നുമുള്ള കേസിലാണ് പരാതിക്കാരിയെ ഹാജരാകാൻ കോടതി ഉത്തരവ് ഇറക്കിയത്.

കൊട്ടാരക്കര ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ രാജേഷാണ്‌ ഉത്തരവിട്ടത്‌. കേസിൽ ഇതുവരെയും ഹാജരാകാത്ത സാഹചര്യത്തിൽ പരാതിക്കാരി നിർബന്ധമായും നവംബർ ഒമ്പതിന്‌ കോടതിയിൽ ഹാജരാകണമെന്ന്‌ കോടതി ആവശ്യപ്പെട്ടു. രണ്ടാംപ്രതി കെ.ബി. ഗണേഷ്‌കുമാറിന്‌ സിനിമാ ഷൂട്ടിങ്ങുള്ളതിനാൽ 15 ദിവസത്തേക്ക്‌ ഹാജരാകുന്നതിൽ നിന്ന്‌ ഒഴിവാക്കണമെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, അത്‌ പിന്നീട്‌ പരിഗണിക്കാമെന്ന്‌ കോടതി അറിയിച്ചു. നേരത്തേ കൊട്ടാരക്കര കോടതി പുറപ്പെടുവിച്ച സമൻസ്‌ റദ്ദാക്കണം എന്നാവശ്യപ്പെട്ട്‌ ഗണേഷ്‌കുമാർ ഹൈകോടതിയിൽ നൽകിയ ഹർജി കഴിഞ്ഞദിവസം വിധി പറയാൻ മാറ്റിയിരുന്നു.