ചലച്ചിത്ര അവാര്‍ഡ് വിവാദം: രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

  • IndiaGlitz, [Friday,August 04 2023]

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി. പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരിക വകുപ്പിനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ വിനയന്‍ നല്‍കിയ പരാതികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. സംവിധായകൻ വിനയൻ നേരിട്ടാണ് മുഖ്യമന്ത്രിക്കു പരാതി നൽകിയത്.

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ വിവാദത്തിൽ അക്കാദമിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് സംവിധായകൻ വിനയൻ ആവശ്യപ്പെട്ടു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ജൂറി അം​ഗങ്ങളെ സ്വാധീനിച്ചത് സിസി‌ടിവി ദൃശ്യങ്ങളിലുണ്ടെന്ന് വിനയൻ ആരോപിച്ചു. തൻ്റെ സിനിമയായ 19-ാം നൂറ്റാണ്ടിന് അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയന്‍ ആണ് ആദ്യം രംഗത്തെത്തിയത്. ആരോപണം ശരിവെക്കുന്ന തരത്തില്‍ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിൻ്റെയും ജെന്‍സി ഗ്രിഗറിയുടെയും ശബ്ദ സന്ദേശങ്ങളും വിനയന്‍ പുറത്തു വിട്ടിരുന്നു. ഇവ പരാതിക്കൊപ്പം തെളിവായി നല്‍കുകയും ചെയ്തു.