ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു
- IndiaGlitz, [Monday,May 22 2023]
പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. ആന്തരാവയവങ്ങളിൽ ഉണ്ടായ അണുബാധയെ തുടർന്ന് ഏപ്രിൽ 20 മുതൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്നാണ് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1973-ൽ സിനിമയിലെത്തിയ ശരത് ബാബു തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്.
രജനികാന്തിനൊപ്പം അഭിനയിച്ച മുത്തു, അണ്ണാമലൈ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു. വിവിധ ഭാഷകളിലായി 200 ഓളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ശരപഞ്ചരം, ധന്യ, ഡെയ്‌സി എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 1973ല്‍ പ്രദര്‍ശനത്തിനെത്തിയ തെലുങ്ക് ചിത്രം 'രാമ രാജ്യ'ത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. 'അമേരിക്ക അമ്മായി', 'സീതകൊക ചിലക', 'ഓ ഭാര്യ കഥ', 'നീരഞ്‍ജനം' തുടങ്ങിയവയില്‍ ശ്രദ്ധേയങ്ങളായ വേഷങ്ങള്‍ അവതരിപ്പിച്ചു. ശരത് ബാബുവിന്റെ ചിത്രമായി ഏറ്റവും ഒടുവില്‍ 'വസന്ത മുല്ലൈ'യാണ് പ്രദര്‍ശനത്തിന് എത്തിയത്.