എൻ.എസ്.എസ് നാമജപ യാത്രക്കെതിരെ കേസെടുത്തു
- IndiaGlitz, [Thursday,August 03 2023]
അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് നാമജപ ഘോഷയാത്രക്ക് എതിരെ പൊലീസ് കേസെടുത്തു. എൻ എസ് എസ് വൈസ് പ്രസിഡൻ്റെ സംഗീത് കുമാറിനെ ഒന്നാം പ്രതിയായിട്ടാണ് കേസെടുത്തിരിക്കുന്നത്. കണ്ടാൽ അറിയാവുന്ന ആയിരത്തോളം പേരെയും പ്രതി ചേർത്തു. സ്പീക്കർ എ എൻ ഷംസീർ ഗണപതിയെ സംബന്ധിച്ച് നടത്തിയ പരാമർശം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് ആയിരുന്നു എൻ എസ് എസ് ബുധനാഴ്ച നാമജപ ഘോഷയാത്ര നടത്തിയത്.
അനധികൃതമായി സംഘം ചേർന്നു, ഗതാഗത തടസം സൃഷ്ടിച്ചു എന്നിവ കാണിച്ചാണ് കേസെടുത്തത്. എൻ എസ് എസ് പാളയത്തെ ഗണപതി ക്ഷേത്രത്തിൽ തേങ്ങയുടച്ചാണ് യാത്ര ആരംഭിച്ചത്. ഗണേശ വിഗ്രഹത്തോടൊപ്പം ഗണപതി സ്തുതികളുമായി നിരവധി പേർ ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. പാളയം മുതൽ പഴവങ്ങാടി വരെ ആണ് ഘോഷയാത്ര നടത്തിയത്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ ദീപാരാധനയോടെ റാലി സമാപിച്ചു. രാവിലെ പഴവങ്ങാടിയിൽ 101 തേങ്ങയുടക്കുകയും ഗണപതി ഹോമം നടത്തുകയും ചെയ്തിരുന്നു. ഷംസീർ മാപ്പ് പറയുക, സർക്കാർ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് യാത്ര ആരംഭിച്ചത്. കേസെടുത്ത നടപടിക്കെതിരെ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തി.