ഫിഫ ദ ബെസ്റ്റ് പുരസ്കാര പ്രഖ്യാപനം ഫെബ്രുവരി 27 ന്
- IndiaGlitz, [Saturday,February 11 2023] Sports News
ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിൻ്റെ ചുരുക്കപ്പട്ടികയിൽ അർജന്റീന താരം ലയണൽ മെസ്സി, ഫ്രാൻസ് താരങ്ങളായ കിലിയൻ എംബപെ, കരിം ബെൻസേമ എന്നിവർ ഇടം പിടിച്ചു. കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള പുരസ്കാരമാണിത്. 27ന് പാരിസിലാണ് ഫിഫ ദ് ബെസ്റ്റ് പുരസ്കാര പ്രഖ്യാപനം നടക്കുന്നത്. നീണ്ട ഇടവേളക്കു ശേഷം ലോകകപ്പ് കിരീടം അർജന്റീനയിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മെസ്സിക്കാണ് മുൻതൂക്കം. ഫ്രാന്‍സിനെ ലോകകപ്പ് ഫൈനലിൽ എത്തിക്കുകയും ലോകകപ്പിലെ ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുകയും ചെയ്തതാണ് എംബാപ്പെയെ ചുരുക്കപ്പട്ടികയില്‍ എത്തിച്ചത്. റയൽ മഡ്രിഡിനെ ഉയരങ്ങളില്‍ എത്തിക്കുന്നതിൽ സഹായിച്ചതാണ് ബെൻസേമക്ക് അവസാന പട്ടികയിലെത്തിച്ചത്. എമിലിയാനോ മാർട്ടിനസ്, യാസീൻ ബോനോ, തിബോത് കോര്‍ട്വ എന്നിവർ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാര പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്‍റെ ബേത്ത് മീഡ്, അമേരിക്കയുടെ അലക്സ് മോർഗൻ, സ്പെയിനിൻ്റെ അലക്സിയ പ്യൂടിയാസ് എന്നിവരാണ് വനിതാ വിഭാഗത്തിലെ ഫൈനലിസ്റ്റുകൾ.