ഹരിത വിപ്ലവത്തിൻ്റെ പിതാവ് എം.എസ്. സ്വാമിനാഥന്‍ വിടവാങ്ങി
- IndiaGlitz, [Thursday,September 28 2023]
ഇന്ത്യന്‍ ഹരിതവിപ്ലവത്തിൻ്റെ ആചാര്യന്‍ എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ് അന്ത്യം. ഇന്ത്യന്‍ പരിസ്ഥിതിക്ക് ഇണങ്ങുന്നതും അത്യുല്പാദനശേഷി ഉള്ളതുമായ വിത്തുകള്‍ വികസിപ്പിച്ചെടുക്കുകയും അത് കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തതാണ് സ്വാമിനാഥനെ അന്തര്‍ദേശീയ തലത്തില്‍ പ്രശസ്തനാക്കിയത്.
ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന ഇദ്ദേഹത്തിൻ്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയില്‍ നിന്നും കരകയറ്റിയത്.1952 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്നും ജനിതക ശാസ്ത്രത്തില്‍ പിഎച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാര്‍ഷിക രംഗത്തിൻ്റെ അതികായനായി. 1925 ആഗസ്റ്റ് 7-ന് തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ചു. അദ്ദേഹത്തിൻ്റെ മുഴുവൻ പേര് മാങ്കൊമ്പ് സാമ്പശിവൻ സ്വാമിനാഥൻ എന്നാണ്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിൻ്റെ തറവാട്.