പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
- IndiaGlitz, [Saturday,February 04 2023]
ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക വാണിജയറാം അന്തരിച്ചു, 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലായി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നു തവണ നേടിയ വാണി ജയറാമിന് കഴിഞ്ഞയാഴ്ചയാണ് പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്. സ്വപ്നം എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടു വരുന്നത്. ആ ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നോരു എന്ന ഗാനം മലയാള സിനിമയിലെ എക്കാലത്തേയും പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്നായി മാറി. എം എസ് വിശ്വനാഥൻ, എം ബി ശ്രീനിവാസൻ, ആർ കെ ശേഖർ, അർജുനൻ മാഷ്, ജെറി അമൽദേവ്, ഇളയരാജ, എ ആർ റഹ്മാൻ, ജോൺസൺ എന്നിവർക്കു വേണ്ടി വാണി ഒരു പാട് ഹിറ്റു ഗാനങ്ങൾ ആലപിച്ചു.
ഒരു നീണ്ട ഇടവേളയ്ക്കും ശേഷം 1983 എന്ന ചിത്രത്തിൽ ഗോപീ സുന്ദറിൻ്റെ സംഗീതത്തിൽ പി ജയചന്ദ്രനൊപ്പം ഓലഞ്ഞാലി കുരുവി എന്ന ഗാനം ആലപിച്ചു കൊണ്ടാണ് വാണി ജയറാം മലയാളത്തിലേക്ക് മടങ്ങി വരുന്നത്. 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ അവർ ആലപിചിട്ടുണ്ട്. 1975 ൽ തമിഴ് ചലച്ചിത്രമായ അപൂർവ്വരാഗത്തിലെ ഏഴുസ്വരങ്ങളുക്കുൾ എന്ന ഗാനത്തിനും, 1980ൽ ശങ്കരാഭരണത്തിലെ ഗാനങ്ങൾക്കും, 1991 സ്വാതി കിരണത്തിലെ ഗാനങ്ങൾക്കും ദേശീയ പുരസ്കാരം നേടി.1945 നവംബർ 30 നു തമിഴ് നാട്ടിലെ വെല്ലൂരിൽ ദുരൈസ്വാമി-പദ്മാവതി ദമ്പതികളുടെ ഒൻപത് മക്കളിൽ അഞ്ചാമത്തെ മകളാണ് വാണി ജയറാം. കലൈവാണി എന്നായിരുന്നു ശരിയായ പേര്. സംഗീതജ്ഞയായ അമ്മയിൽ നിന്നുമാണ് സംഗീതത്തിൻ്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ചത്. പഠിക്കുന്ന കാലം മുതൽ തന്നെ ചെന്നൈയിൽ കച്ചേരികൾ ചെയ്തിരുന്നു. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. വിദ്യാഭ്യാസത്തിനു ശേഷം ബാങ്കുദ്യോഗസ്ഥയായി ജോലി നേടി. 1968ൽ സിത്താർ വാദകനും സംഗീത പ്രേമിയുമായ ജയറാമിനെ വിവാഹം കഴിച്ചു.