കുട്ടികളുമൊത്തുള്ള കുടുംബ യാത്ര; നിയമ ഭേദഗതിക്ക് കേന്ദ്രത്തെ സമീപിക്കും: ഗതാഗത മന്ത്രി

  • IndiaGlitz, [Thursday,April 27 2023]

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമൊത്തുള്ള കുടുംബ യാത്രയ്ക്ക് കേന്ദ്രത്തോട് നിയമ ഭേദഗതി വരുത്താൻ ആവശ്യപ്പെടുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇത് കേന്ദ്ര നിയമമാണ്, സംസ്ഥാന സര്‍ക്കാര്‍ പുതുതായി കൊണ്ടു വന്നതല്ല. ഇക്കാര്യത്തില്‍ സംസ്ഥാനത്തിനു മാത്രമായി ഒന്നും ചെയ്യാനാകില്ല. ഉയര്‍ന്നു വന്ന ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും മോട്ടോർ വാഹന നിയമ ഭേദഗതി വരുത്താൻ ആവശ്യപെടുമെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതിയോ ഇളവോ ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മേയ് 10–ാം തീയതി ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഇക്കാര്യം വിലയിരുത്തും. യോഗത്തിന്റെ തീരുമാനം അനുസരിച്ച് കേന്ദ്രത്തെ സമീപിക്കുമെന്നും മന്ത്രി ആന്റണി രാജു പറ‍ഞ്ഞു. കേന്ദ്ര മോട്ടോര്‍ വാഹന നിയമ പ്രകാരം ഇരുചക്ര വാഹനത്തില്‍ രണ്ടുപേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടൂള്ളൂ. എന്നാല്‍ പിഴ ഒഴിവാക്കണമെന്ന ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടി, അല്ലെങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശമാകും സംസ്ഥാനം മുന്നോട്ട് വെക്കുക. കുട്ടികളുടെ പ്രായപരിധിയും നിശ്ചയിച്ചേക്കും.