സ്ത്രീയെ സംബന്ധിച്ചിടത്തോളം കുടുംബത്തിൻ്റെ പിന്തുണ വലിയ കാര്യം തന്നെ: ചന്ദ്ര ലക്ഷ്‌മൺ

  • IndiaGlitz, [Friday,February 17 2023]

പ്രശസ്ത ചലച്ചിത്ര ടെലിവിഷന്‍ താരമാണ് ചന്ദ്ര ലക്ഷ്മണ്‍. 2002-ൽ പുറത്തിറങ്ങിയ മനസെല്ലാം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ചന്ദ്ര അഭിനയിച്ചു. ചക്രം, ബോയ് ഫ്രെണ്ട്, പച്ചകുതിര, കാക്കി തുടങ്ങിയ ചിത്രങ്ങിലൂടെ മലയാളികള്‍ക്കു സുപരിചിതയായി മാറി. സ്വന്തം സുജാത, മേഘം തുടങ്ങിയ സീരിയലുകളിലൂടെ കുടുംബപ്രേക്ഷകർക്കിടയിലും താരം തൻ്റെ സ്ഥാനം ഉറപ്പിച്ചു. അഭിനേതാവ് കൂടിയായ ടോഷ് ക്രിസ്റ്റിയും ചന്ദ്രയും രണ്ട് പേരുടെയും വിവാഹം മുതൽ ഇവരുടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. കുറച്ചുനാൾ മുമ്പേയാണ് ചന്ദ്ര ലക്ഷ്മണിൻ്റെയും ടോഷ് ക്രിസ്റ്റിയുടെയും ജീവിതത്തിലേക്ക് കുഞ്ഞു വാവ വന്നെത്തിയത്.

പ്രസവത്തിന് കുറച്ചു ദിവസങ്ങൾ മുൻപ് വരെ ചന്ദ്ര അഭിനയത്തിൽ സജീവമായിരുന്നു. പ്രസവത്തിനു ശേഷം അധികം വൈകാതെ തന്നെ അഭിനയത്തിലേക്ക് മടങ്ങി എത്തുകയും ചെയ്തു. ഈ സമയത്ത് എങ്ങനെ എല്ലാം കൈകാര്യം ചെയ്യാൻ സാധിച്ചു എന്ന് അവതാരിക പൊന്നി ചോദിച്ചതിനെ തുടർന്ന് പ്രസവ സമയത്തും അതിനു മുൻപും കുടുംബത്തിൽ നിന്നും കിട്ടിയ പിന്തുണയെ കുറിച്ച് ഇന്ത്യ ഗ്ലിറ്റ്‌സിനോട് താരം മനസ്സു തുറന്നു, ഒപ്പം ടോഷ് ക്രിസ്റ്റിയുമുണ്ട്. കുഞ്ഞുണ്ടായ ശേഷമുള്ള ജീവിതം അടിപൊളിയാണെന്ന് ചന്ദ്രയും, വാവ വന്ന ശേഷം തനിക്ക് വലിയ ടെൻഷൻ ഇല്ലെന്നു ടോഷും പറയുകയുണ്ടായി. പ്രെഗ്നന്റ് ആയി കഴിഞ്ഞപ്പോൾ തന്നെ തീരുമാനിച്ചിരുന്നു, വാവ വരുന്നതു കൊണ്ട് വർക്ക് ചെയ്യാതെ മാറി നിൽക്കില്ല എന്നത്. പക്ഷെ അതിനു വലിയ ഒരു സപ്പോർട്ടിങ് സിസ്റ്റം എനിക്ക് ഉണ്ട്. ടോഷേട്ടനും അദ്ദേഹത്തിൻ്റെ പേരന്റ്സും. പിന്നെ എൻ്റെ കുടുംബം എല്ലാവരും എനിക്ക് ഭയങ്കര സപ്പോർട്ട് തന്നെ ആയിരുന്നു. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പിന്തുണ കിട്ടുക എന്നത് വലിയ കാര്യം തന്നെയാണ് അത് ഇല്ലാതെ ആകുമ്പോഴാണ് പല ഇടത്തും മാറി നിക്കേണ്ടി വരുന്നത്. അക്കാര്യത്തിൽ താൻ വളരെ ഭാഗ്യവതി ആണെന്നും ചന്ദ്ര ഇന്ത്യ ഗ്ലിറ്റ്സ് ചാനലിനു നൽകിയ ആഭിമുഖത്തിൽ പറഞ്ഞു.