വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതി അറസ്റ്റിൽ
- IndiaGlitz, [Tuesday,June 27 2023]
വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ സഹായിച്ച മുന്‍ എസ്എഫ്ഐ നേതാവ് അബിന്‍ സി രാജ് പിടിയില്‍. കേസിൽ രണ്ടാം പ്രതിയായ ഇയാൾ മാലിദ്വീപിൽ നിന്ന് തിങ്കളാഴ്ച രാത്രി 11.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. വ്യാജ ഡിഗ്രി കേസുമായി ബന്ധപ്പെട്ട് നിഖിലിനെ, സർട്ടിഫിക്കറ്റ് ലഭിച്ച എറണാകുളത്തെ ഏജൻസിയിലെത്തിച്ച് ചൊവ്വാഴ്ച തെളിവെടുപ്പ് നടത്താനിരിക്കെയാണ് അബിന്‍.സി.രാജും പിടിയിലാകുന്നത്.
കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അബിനെ കസ്റ്റഡിയിലെടുത്തത്. അബിനെ രാത്രിയോടെ തന്നെ കായംകുളത്തേക്ക് എത്തിച്ചു. കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴിയാണ് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്ന് നിഖില്‍ മൊഴി കൊടുത്തിരുന്നതിൻ്റെ അടിസ്ഥാനത്തിലാണ് അബിനെ കേസില്‍ രണ്ടാം പ്രതിയാക്കിയത്. രണ്ട് ലക്ഷം രൂപ നിഖിൽ തോമസിൽ നിന്നു വാങ്ങിയാണ് അബിൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി അബിൻ അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴി പണം സ്വീകരിക്കുകയായിരുന്നു. ഇടപാടിനു പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.