ആലപ്പുഴ എസ്.എഫ്.ഐയിലും വ്യാജ സർട്ടിഫിക്കറ്റ് വിവാദം
- IndiaGlitz, [Saturday,June 17 2023]
എസ്.എഫ്.ഐയില്‍ വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം. കായംകുളം എം.എസ്.എം കോളേജിലെ രണ്ടാം വര്‍ഷ എം.കോം വിദ്യാര്‍ഥി നിഖില്‍ തോമസ്, എം.കോം പ്രവേശനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചു എന്നതാണ് പുതിയ വിവാദം. 2018-20 കാലഘട്ടത്തിലെ കായംകുളം എം.എസ്.എം കോളേജിലെ ബി.കോം വിദ്യാർഥിയായിരുന്നു നിഖിൽ. എന്നാൽ 2021-ൽ ഇതേ കോളേജിൽ ഇയാൾ എം.കോമിന് ചേർന്നതോടെയാണ് വിഷയം വിവാദമായത്.
ബി.കോം പാസ്സായതിന് ശേഷമാണോ ഇയാൾ പ്രവേശനം നേടിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. സമയത്ത് രണ്ടിടത്ത് എങ്ങനെ പഠിക്കാനാകുമെന്നാണ് പാർട്ടിക്ക് നൽകിയ പരാതിയിൽ ചോദിക്കുന്നത്. നിഖിലിന്റെ ജൂനിയർ ആയിരുന്ന ജില്ല കമ്മിറ്റി അംഗമാണ് ആരോപണം ഉന്നയിച്ചത്. ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ നിഖിലിനെ കായംകുളം ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ശേഷം ജില്ല കമ്മിറ്റിയിലും നിഖിലിനെതിരെ ആരോപണം ഉയർന്നു. ഇന്നലെ വിളിച്ചുചേർത്ത സി.പി.എം ഫ്രാക്‌ഷനിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ജില്ല സെക്രട്ടറി നിഖിലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർട്ടിഫിക്കറ്റുകൾ യൂനിവേഴ്സിറ്റിയിലാണെന്ന് പറഞ്ഞ് നിഖിൽ ഒഴിഞ്ഞുമാറി. ഇത് പാർട്ടി അന്വേഷണം നടത്തേണ്ട വിഷയമല്ലെന്നും സർവകലാശാലതലത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ രംഗത്തെത്തി.