വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: കെ വിദ്യയെ അറസ്റ്റ് ചെയ്തു
Send us your feedback to audioarticles@vaarta.com
വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിൽ 15 ദിവസമായി ഒളിവിൽ കഴിഞ്ഞ വിദ്യയെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്ന് പിടികൂടിയ വിദ്യയെ അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. ഇന്ന് രാവിലെ 11 മണിയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും. കേസില്‍ തന്നെ കുരുക്കിയതാണെന്ന് പ്രതി കെ വിദ്യ പ്രതികരിച്ചു. രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെ കരുവാക്കിയതാണെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ലെന്നും വിദ്യ മൊഴി നല്‍കി. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്നും കെ വിദ്യ പറഞ്ഞു. കേസിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന ആണെന്നും വിദ്യ മൊഴി നല്‍കി.
ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്തെ സുഹൃത്തിൻ്റെ വീട്ടില്‍ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യ കരിന്തളം കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിൻ്റെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്. വിദ്യ കുറ്റക്കാരിയാണെന്നു കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിദ്യ സമര്‍പ്പിച്ച പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും മുദ്രയും വ്യാജമാണെന്നു സംഘം റിപ്പോര്‍ട്ട് നല്‍കിയതായും വിവരമുണ്ട്. അട്ടപ്പാടി ഗവ.കോളജില്‍ 16നു പരിശോധന നടത്തിയ സംഘമാണ് ഇന്നലെ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കു പ്രത്യേക ദൂതന്‍ വഴി റിപ്പോര്‍ട്ട് കൈമാറിയത്.
Follow us on Google News and stay updated with the latest!
Comments