ഏഴിമലപൂഞ്ചോല വീണ്ടും പ്രേക്ഷകർക്കരികിലേക്ക്

  • IndiaGlitz, [Saturday,February 04 2023]

മലയാളി പ്രേക്ഷകകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്ഫടികം 4 കെ പതിപ്പ്. സിനിമ തിയറ്ററിലെത്താൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ഡിജിറ്റലൈസ് ചെയ്ത ഫോർമാറ്റ് സ്ഫടികത്തിൻ്റെ വരവ് അറിയിച്ച് ഏഴിമലപൂഞ്ചോല ഗാനത്തിൻ്റെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 27 വർഷങ്ങൾക്കിപ്പുറം ഏഴിമലപ്പൂഞ്ചോല ഗാനത്തിൻ്റെ പുതിയ പതിപ്പിനായി ഗായിക കെ.എസ്. ചിത്രയും മോഹൻലാലും ഒന്നിച്ച് റെക്കോർഡിംഗ് സ്റ്റുഡിയോയിൽ പാടുന്നതും സിനിമയിലെ ഗാനരംഗങ്ങളും ചേർത്തിണക്കിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ഇരുവരും പാട്ട് റെക്കോർഡ് ചെയ്തതിൻ്റെ റിപ്പോർട്ടുകൾ നേരത്തേ പുറത്തു വന്നിരുന്നു. പാട്ട് റീ മാസ്റ്റർ ചെയ്താണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിൻ്റെ ഡിജിറ്റൽ റീമാസ്റ്ററിംഗും പുനരുദ്ധാരണ പ്രവർത്തനങ്ങളും 2020 മാർച്ചിൽ പ്രഖ്യാപിച്ചിരുന്നതാണ്. 2020 ഓണത്തിന് കേരളത്തിൽ 100 ​​തിയേറ്ററുകളിലെങ്കിലും 4K ഡോൾബി അറ്റ്‌മോസിൽ ചിത്രം വീണ്ടും റിലീസ് ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ കോവിഡ്-19 മഹാമാരിയെ തുടർന്ന് പ്രൊജക്റ്റ്‌ നിർത്തി വക്കുകയാണുണ്ടായത്. സ്ഫടികം സിനിമയുടെ റി മാസ്റ്റർ ചെയ്ത പുതിയ പതിപ്പ് ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിൽ എത്തും. ഒരു കോടി രൂപയ്ക്കു മുകളിൽ നിർമാണ ചെലവുമായാണ് സ്ഫടികം ഫോർ കെ പതിപ്പ് എത്തുന്നത്. സംവിധായകൻ ഭദ്രൻ തന്നെയാണ് സംവിധാനം. ചിത്രത്തിൻ്റെ റീമാസ്റ്ററിങ് പതിപ്പാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.