അമേരിക്കയില്‍ അപകടമായി അതിശൈത്യം
- IndiaGlitz, [Tuesday,December 27 2022]
ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലാക്കി. യുഎസിൽ കഴിഞ്ഞ 45 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ശൈത്യമാണിത്. ശീതക്കാറ്റിൽ മരണം 60 കടന്നു. തെക്കൻ ന്യൂയോർക്കിലെ ബഫലോ നയാഗ്ര രാജ്യാന്തര വിമാനത്താവളത്തിൽ ഞായറാഴ്ച 109 സെന്റിമീറ്റർ ഹിമപാതമുണ്ടായതിനെ തുടർന്ന് വിമാനത്താവളം അടച്ചു. കാറുകളുടെയും വീടുകളുടെയും മുകളിൽ ആറടിയോളം ഉയരത്തിൽ മഞ്ഞു മൂടിയിരിക്കുന്നതിനാൽ ഇവിടേക്കുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു.
യുഎസില്‍ 15 ലക്ഷത്തോളംപേര്‍ വൈദ്യുതിയില്ലാതെ കഷ്ടപ്പെടുകയാണ്. 70 ഹൈവേകള്‍ താല്‍ക്കാലികമായി അടച്ചു. ഒട്ടേറെപ്പേര്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ജപ്പാനിൽ അതിശൈത്യം 17 പേരുടെ ജീവൻ കവർന്നു. പലയിടത്തും താപനില പൂജ്യത്തിനു താഴെയാണ്. ഏതാണ്ട് 20 കോടി ജനങ്ങളെ ശീതക്കാറ്റ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.