കാലാവധി കഴിഞ്ഞ മരുന്നുകൾ; അന്വേഷണം വേണമെന്ന് വി ഡി സതീശന്‍

  • IndiaGlitz, [Tuesday,October 24 2023]

സര്‍ക്കാര്‍ ആശുപത്രിയില്‍ കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്തുവെന്ന സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൃത്യമായ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. 1610 ബാച്ച് മരുന്നുകള്‍ കാലാവധി കഴിഞ്ഞതാണ് എന്ന് കണ്ടെത്തി. 26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. വിതരണം മരവിപ്പിച്ച മരുന്നുകള്‍ 483 ആശുപത്രികള്‍ക്കു നല്‍കിയതായും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിഞ്ഞാണ് ക്രമക്കേടെന്നും, നിഷ്പക്ഷ ഏജന്‍സി അന്വേഷിക്കണം എന്നും അദ്ദേഹം പറഞ്ഞു. കമിഴ്ന്നു വീണാല്‍ കാല്‍പണം എന്നാണ് സര്‍ക്കാരിൻ്റെ രീതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സോഷ്യൽ മീഡിയാ മാനേജ്മെന്റിന് വേണ്ടി ലക്ഷങ്ങൾ ചിലവഴിക്കുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റിടാൻ മാത്രമം 6,67,260 രൂപ മാസം ചിലവഴിക്കുന്നു. സർക്കാർ പണമാണ് ഇങ്ങനെ ധൂർത്തടിച്ച് ചിലവഴിക്കുന്നത്. സർക്കാർ പണം ധൂർത്തടിക്കുന്ന മുഖ്യമന്ത്രി, സുനിൽ കനഗോലുവിനെ കുറ്റപ്പെടുത്തുന്നു എന്നും വി ഡി സതീശൻ വിമർശിച്ചു.

More News