നിക്ഷേപ തട്ടിപ്പ് പ്രതി പ്രവീൺ റാണയുടെ തെളിവെടുപ്പ് ഇന്ന്

  • IndiaGlitz, [Saturday,January 21 2023]

തൃശൂരിലെ സേഫ് ആന്റ് സ്ട്രോങ് നിക്ഷേ തട്ടിപ്പ് കേസിൽ മുഖ്യപ്രതി പ്രവീൺ റാണയുടെ തെളിവെടുപ്പ് ഇന്ന് നടക്കും. നിലവിൽ 2.25 ലക്ഷമാണ് സേഫ് ആൻഡ് സ്ട്രോങ് കമ്പനിയുടെ അക്കൗണ്ടിൽ ശേഷിക്കുന്നത്. വൻ തുകകൾ ആറ് മാസത്തിനുള്ളിൽ റാണ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പൊലീസ് കണ്ടെത്തൽ. 33 അക്കൗണ്ടുകളിലായി 138 കോടിയോളമാണ് പ്രവീൺ റാണ സ്വീകരിച്ച നിക്ഷേപം. എന്നാൽ ഈ പണം എങ്ങോട്ട് മാറ്റി എന്ന് റാണ വെളിപ്പെടുത്തുന്നില്ല. മുപ്പതിലേറെ അക്കൗണ്ടുകളിലായാണ് കോടികൾ വന്നത്. നിധി, ഐ.ടി, ഫിലിം ഫാക്ടറി തുടങ്ങി പല വിഭാഗങ്ങളിലേക്കായിരുന്നു ഈ വരവ്. കൊച്ചിയിലെ പബ്ബിൽ 16 കോടിയോളം രൂപ ഇയാൾ മുതൽമുടക്കിയെന്ന് മുമ്പ് വ്യക്തമായിരുന്നു.

ഇതു കൂടാതെ 24 സ്ഥലങ്ങളിൽ ഭൂമി വാങ്ങിയതിൻ്റെ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഭൂമിക്ക് എല്ലാംകൂടി ആധാരത്തിൽ ഒരുകോടിക്കു മുകളിൽ മാത്രമാണ് കാണിച്ചിരിക്കുന്നത്. പരാതികളുടെ എണ്ണം ഇപ്പോൾ 100 കടന്നു. ഓരോന്നിലും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യുകയാണ് പോലീസ് ചെയ്യുന്നത്. കൂടാതെ റാണയുടെ ഓഫീസിൽനിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിക്കുന്ന ജോലിയും നടക്കുന്നുണ്ട്. ഇന്നലെ പത്ത് മണിക്കൂറിലധികം ചോദ്യം ചെയ്തിട്ടും പ്രവീൺ റാണ കൃത്യമായ മറുപടി നൽകിയിട്ടില്ല. പണം ബിസിനസിൽ നിക്ഷേപിച്ചുവെന്ന മറുപടി മാത്രമാണ് നൽകിയത്. തൃശൂർ ആദം ബസാറിലെ ഓഫീസ്, പുഴക്കലിലെ കോർപ്പറേറ്റ് ഓഫീസ്, ഇടപാട് രേഖകൾ ഒളിച്ചു കടത്തി സൂക്ഷിച്ചിരുന്ന പുതുക്കാട് പാലാഴിയിലെ വാടകവീട് എന്നിവിടങ്ങളിലെത്തിച്ചാവും പോലീസ് തെളിവെടുപ്പ് നടത്തുക.