ഐസിസി ടൂർണമെന്റുകളിൽ പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യ സമ്മാനത്തുക

ഐസിസി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റുകളില്‍ പുരുഷ-വനിത ടീമുകള്‍ക്ക് ഇനി മുതല്‍ തുല്യ സമ്മാനത്തുക നല്‍കുമെന്ന് അന്താരാഷ്ട ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയിലെ ദര്‍ബനില്‍ നടക്കുന്ന ഐസിസി വാര്‍ഷിക യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഡർബനിൽ നടന്ന ഐസിസി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ എല്ലാ ബോർഡ് അംഗങ്ങളും തീരുമാനം അംഗീകരിച്ചതായി ഐസിസി അധ്യക്ഷൻ ഗ്രെഗ് ബാർക്ലെ അറിയിച്ചു.

2023 നകം വനിതാ-പുരുഷ ടീമുകള്‍ക്കുള്ള സമ്മാനത്തുക പൂര്‍ണമായും തുല്യമാക്കാനാണ് ഐസിസി ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തോടെ 2017 മുതല്‍ വനിതാ ടൂര്‍ണമെന്റുകളിലെ സമ്മാനത്തുക ക്രമാനുഗതമായി വര്‍ധിപ്പിക്കുന്നുണ്ടായിരുന്നു എന്നും ഗ്രെഗ് ബാര്‍ക്ലെ വ്യക്തമാക്കി. പുരുഷ-വനിതാ ക്രിക്കറ്റുകളിലെ അസമത്വം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഐസിസിയുടെ പുതിയ നീക്കം. ഐസിസി ഏകദിന, ട്വന്‍റി ലോക കപ്പുകളിലും അണ്ടർ 19 തലത്തിലും ഇനി മുതല്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യ സമ്മാനത്തുക ആയിരിക്കും നല്‍കുക. ക്രിക്കറ്റ് എല്ലാവർക്കുമുള്ള കായികയിനമാണ്. ക്രിക്കറ്റിന്‍റെ ഭാഗമാകുന്ന ഓരോ താരത്തിനും തുല്യ മൂല്യം കണക്കാക്കണം എന്നാണ് ഐസിസി വിഭാവനം ചെയ്യുന്നത് എന്നും അറിയിച്ചു.