ഇ.പി. ജയരാജൻ വധശ്രമം; കെ. സുധാകരൻ്റെ ഹർജിയിൽ 27ന്‌ അന്തിമവാദം

  • IndiaGlitz, [Tuesday,June 20 2023]

മുൻമന്ത്രിയും സി.പി.എം. നേതാവുമായ ഇ.പി.ജയരാജനെ തീവണ്ടിയിൽ വെടിവെച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തന്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ നൽകിയ ഹർജി ഹൈക്കോടതി അന്തിമ വാദത്തിനായി 27ലേക്ക് മാറ്റി. സിപിഎം നേതാക്കളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ഇപി ജയരാജന്‍ എന്നിവരെ വധിക്കാന്‍ 1995ല്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് ഹൈക്കോടതിയില്‍. ഇപി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ നല്‍കിയ ഹര്‍ജിയിലാണ് പൊലീസ് റിപ്പോര്‍ട്ട് നൽകിയിരിക്കുന്നത്.

രാഷ്ട്രീയ വൈരാഗ്യത്തിൻ്റെ പേരില്‍ മൂന്നു സിപിഎം നേതാക്കള്‍ക്കും എതിരെ സുധാകരന്‍ മറ്റുള്ളവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയരാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിണറായിയെയും കോടിയേരിയെയും സാക്ഷികളായാണ് ഉള്‍പ്പെടുത്തിയത്. തൈക്കാട് ഗസ്റ്റ് ഹൗസ്, തമ്പാനൂരിലെ ലോഡ്ജുകള്‍, ഡല്‍ഹി കേരള ഹൗസ് എന്നിവിടങ്ങളില്‍ വച്ചായിരുന്നു ഗൂഢാലോചന. പഞ്ചാബിലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് ജയരാജന്‍ മടങ്ങുമ്പോള്‍ കേരളത്തിനു പുറത്തു വച്ച് കൃത്യം നടപ്പാക്കാനായിരുന്നു പദ്ധതി. ഇതിനായി നാലാം പ്രതി ശശിയും അഞ്ചാം പ്രതി പികെ ദിനേശനും ഡല്‍ഹിയില്‍ നിന്ന് രാജധാനി എക്‌സ്പ്രസില്‍ കയറി. ആന്ധ്രപ്രദേശിലെ ചിരാല സ്റ്റേഷന് അടുത്ത് എത്തിയപ്പോള്‍ അഞ്ചാം പ്രതി ജയരാജനു നേരെ രണ്ടു തവണ നിറയൊഴിച്ചു. കഴുത്തില്‍ വെടികൊണ്ട ജയരാജനു ഗുരുതരമായി പരിക്കേറ്റു. കുറ്റവിമുക്തന്‍ ആക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സുധാകരൻ വിചാരണക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. തുടർന്ന്‌ 2016ൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.