ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് വിരമിക്കൽ പ്രഖ്യാപിച്ചു

17 വർഷം നീണ്ട ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുക ആണെന്ന് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് വെറ്ററൻ പേസർ സ്റ്റുവർട്ട് ബ്രോഡ്. ആഷസ് പരമ്പരയുടെ മൂന്നാം ദിനത്തിന് ശേഷം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ആയിരുന്നു ബ്രോഡിൻ്റെ ഈ പ്രഖ്യാപനം. ഇംഗ്ലണ്ടിനു വേണ്ടി 167 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 602 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2007-ൽ ശ്രീലങ്കയ്‌ക്കെതിരെയാണ് അദ്ദേഹം തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 2007-ൽ ലോകത്തിനു മുന്നിൽ പകച്ചുനിന്ന സ്റ്റുവർട്ട് ക്രിസ്റ്റഫർ ജോൺ ബ്രോഡ് എന്ന 21-കാരൻ ഇന്ന് 845 വിക്കറ്റുമായി ബൗളിങ് ഇതിഹാസങ്ങളിൽ ഒരാളായി മാറി.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളുടെ പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ബ്രോഡ്. ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റ് തികച്ച ലോകത്തെ രണ്ട് പേസർമാരിൽ ഒരാളാണ് ബ്രോഡ്. ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് തവണ ഹാട്രിക് വിക്കറ്റ് വീഴ്ത്തിയ ഏക ഇംഗ്ലീഷ് പേസറാണ് ബ്രോഡ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ താരം മികച്ച ബൗളിംഗ് നടത്തി. 2015ൽ ഓസീസിനെതിരെ ട്രെന്റ് ബ്രിഡ്ജിൽ നടന്ന ടെസ്റ്റിലാണ് 15 റൺസ് മാത്രം വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയത്. 121 ഏകദിനത്തിൽ 178 വിക്കറ്റുണ്ട്‌. ട്വന്റി 20യിൽ 56 കളിയിൽ 65ഉം. ടെസ്‌റ്റിൽ ഒരു സെഞ്ചുറിയും 13 അരസെഞ്ചുറികളും സ്വന്തമാക്കി. 169 ആണ്‌ ഉയർന്ന സ്‌കോർ. ബ്രോഡ്‌ ഈ പരമ്പരയിലും മികച്ച പ്രകടനം ആയിരുന്നു കാഴ്ചവെച്ചത്. അഞ്ച്‌ കളികളിലായി 20 വിക്കറ്റുണ്ട്‌. ബ്രോഡ്‌ കളി നിർത്തുന്നതോടെ ആൻഡേഴ്‌സണും വിരമിക്കാനാണ്‌ സാധ്യത.