എലത്തൂർ ട്രെയിൻ ആക്രമണക്കേസ്: പ്രതിയെ തേടി പോലീസ് നോയിഡയിൽ

  • IndiaGlitz, [Tuesday,April 04 2023]

രേഖാചിത്രത്തിലെ പ്രതിയെന്നു സംശയിക്കുന്നയാളെ തേടി അന്വേഷണ സംഘം നോയിഡയിൽ. നോയിഡ സ്വദേശി ഷഹറൂഖ് ഫൈസിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇയാൾ കോഴിക്കോട്ടെ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് പരിശോധന. അതേ സമയം, ഷാറൂഖ് സെയ്ഫിയുടെ ഫോണ്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ന് ഓഫായെന്ന് കണ്ടെത്തി. അതിനു ശേഷം കേരളത്തിലേക്ക് തിരിച്ചെന്ന് പൊലീസ് നിഗമനം. അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാര്‍ മേൽനോട്ടം നല്‍കുന്ന അന്വേഷണ സംഘത്തില്‍ അഞ്ച് എ.സി.പിമാരും എട്ട് സിഐ മാരുമടക്കം 18 അംഗങ്ങളുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി പി വിക്രമനാണ് സംഘത്തിന് നേതൃത്വം നൽകുക.

രേഖാചിത്രം കണ്ട് തിരിച്ചറിഞ്ഞാൽ ഉടൻ 112ൽ ബന്ധപ്പെടാനാണ് പൊലീസ് നിർദ്ദേശം. രേഖാ ചിത്രത്തിലെ വ്യക്തിയോട് സാമ്യം തോന്നുന്നയാളെ രണ്ടാഴ്‌ച്ച മുൻപ് തൃപ്പൂണിത്തുറ ഇരുമ്പനം പ്രദേശത്തു കണ്ടതായുള്ള രഹസ്യവിവരം അന്വേഷണസംഘത്തിന് ലഭിച്ചു. ഇതിന്റെ ഭാഗമായി കേരള പൊലീസിന്റെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) തെളിവെടുപ്പു തുടങ്ങി. ഇരുമ്പനം പ്രദേശത്തെ ഇയാളുടെ സാന്നിദ്ധ്യം ബ്രഹ്മപുരം കേസിലും കൂടുതൽ അന്വേഷണത്തിന് വഴിവെക്കുകയാണ്. മാലിന്യക്കൂമ്പാരത്തിനു സ്വയം തീ പിടിച്ചതാണെന്നും ആരോ തീ കൊളുത്തിയതാണെന്നുമുള്ള വാദങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണു കോഴിക്കോട് കേസിലെ പ്രതിയെന്നു സംശയിക്കുന്ന ആളുടെ സാന്നിധ്യം ഇരുമ്പനത്ത് കണ്ടെത്തിയത്. ഇതോടെ ഈ വഴിയും പൊലീസ് അന്വേഷണം വ്യാപിപ്പിക്കും. പ്രതിക്കായി കണ്ണൂരിൽ പൊലീസ് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ലോഡ്ജുകളിലും പോലീസ് തെരച്ചില്‍ നടത്തി.