എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു
- IndiaGlitz, [Friday,May 12 2023]
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫിയെ ഈ മാസം 27വരെ റിമാൻഡ് ചെയ്തു. ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡിൽ വിട്ടത്. സെയ്ഫി താമസിക്കുന്ന ഷഹീൻബാഗിലെ മറ്റ് ചിലരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചു. ഇവരെ കണ്ടെത്താൻ ഷഹീൻബാഗിലെ പത്തിടത്ത് റെയ്ഡ് നടത്തി. തീവ്രവാദം പ്രചരിപ്പിക്കുന്നതിൽ കുപ്രസിദ്ധി നേടിയവരുടെ ആശയങ്ങളെ ഷാരൂഖ് സെയ്ഫി തുടർച്ചയായി പിന്തുടർന്നു എന്ന് എൻ.ഐ.എ വാർത്താ ക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
തീ വെപ്പിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ, ഷാരൂഖ് സൈഫിക്ക് കൂടുതല്‍ പേരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നിവയാണ് ദേശീയ അന്വേഷണ ഏജന്‍സി പ്രധാനമായും അന്വേഷിക്കുന്നത്. ഏപ്രില്‍ രണ്ടിന് രാത്രിയാണ് കോഴിക്കോട് എലത്തൂരിനടുത്ത് വെച്ച് ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീവെപ്പുണ്ടായത്. യാത്രക്കാരുടെ ദേഹത്ത് യാതൊരു പ്രകോപനവുമില്ലാതെ പ്രതി പെട്രോളൊഴിച്ച് തീ കൊളുത്തുക ആയിരുന്നു. രക്ഷപ്പെടാന്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ മൂന്ന് പേരാണ് മരിച്ചത്. തീവെപ്പില്‍ എട്ട് യാത്രക്കാര്‍ക്ക് പൊള്ളലുമേറ്റിരുന്നു.