എം കെ കണ്ണൻ നിസഹകരണം തുടർന്നാൽ അറസ്റ്റിലേക്ക് നീങ്ങുമെന്ന് ഇഡി

  • IndiaGlitz, [Saturday,September 30 2023]

കരുവന്നൂർ കള്ളപ്പണയിടപാട് കേസിൽ സിപിഎം സംസ്ഥാന സമിതി അംഗം എം കെ കണ്ണനെതിരെ നടപടികൾ കടുപ്പിക്കാൻ ഇഡി. ഒരിക്കൽ കൂടി കണ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപെട്ട് നോട്ടീസ് നൽകാനാണ് തീരുമാനം. നിസഹകരണം തുടർന്നാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് ഇഡി നീങ്ങിയേക്കും. തൃശൂർ സർവീസ് സഹകരണ ബാങ്ക് വഴി സതീഷ്കുമാർ നടത്തിയ ഇടപാടുകൾ പ്രസിഡന്റായ കണ്ണൻ്റെ അറിവോടെ ആണെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.

കേസിലെ ഒന്നാംപ്രതി സതീഷ്കുമാർ നടത്തിയ കള്ളപ്പണ ഇടപാടുകളുടെ ബുദ്ധികേന്ദ്രം കണ്ണനാണെന്ന നിഗമനത്തിലാണ് ഇഡി. സതീഷിന് ഇതിന് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയതിന് പുറമെ ഓരോ ഇടപാടുകൾക്കും കണ്ണൻ കൃത്യമായി കമ്മിഷൻ കൈപ്പറ്റിയത് സംബന്ധിച്ച വിവരങ്ങളും ഇഡിക്ക് ലഭിച്ചു. തൃശ്ശൂരിലെ സഹകരണ മേഖല കേന്ദ്രീകരിച്ച് നടക്കുന്ന വൻ ഇടപാടുകളുടെ മുഖ്യകണ്ണികളെ കുറിച്ച് അറിയാവുന്ന ആളാണ് സിപിഎം നേതാവും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം കെ കണ്ണനെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഇന്നലെ ചോദ്യം ചെയ്യലിനിടെ വിറയൽ അനുഭവപ്പെടുന്നതായി കണ്ണൻ പറഞ്ഞതിനെ തുടർന്ന് ഇഡി ഉച്ചയോടെ ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് അദ്ദേഹത്തെ വിട്ടയച്ചു. പ്രധാന ചോദ്യങ്ങൾക്കൊന്നും കണ്ണൻ ഉത്തരം നൽകിയില്ലെന്നാണ് സൂചന.