ഇന്ത്യൻ വനിതാ സ്പ്രിന്റർ ദ്യുതി ചന്ദിന് വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് താരത്തിന് എതിരെ നടപടി സ്വീകരിച്ചത്. എ സാംപിള്‍ പരിശോധനയില്‍ ശരീരത്തില്‍ ഉത്തേജക സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ ബി സാംപിള്‍ പരിശോധനയിലും മരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തി. ഇതിന് തൊട്ട് പിന്നാലെയാണ് താരത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സാംപിള്‍ ശേഖരിച്ച തീയതി മുതലുള്ള എല്ലാ മത്സര ഫലങ്ങളില്‍ നിന്നും ദ്യുതി ഇതോടെ അയോഗ്യയാക്കപ്പെടും.
2023 ജനുവരി മൂന്ന് മുതല്‍ താരത്തിൻ്റെ വിലക്ക് പ്രാബല്യത്തിലുണ്ടെന്ന് ഏജന്‍സി ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് ഭുവനേശ്വറില്‍ വച്ചായിരുന്നു ദ്യുതിയെ പരിശോധനയ്ക്ക് വിധേയയാക്കിയത്. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ വനിതയാണ് ദ്യുതി ചന്ദ്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 100, 200 മീറ്ററുകളിൽ വെള്ളി നേടിയ താരമാണ് ദ്യുതി. മുന്‍പ് പുരുഷ ഹോര്‍മോണ്‍ അധികമാണെന്ന കാരണത്താല്‍ ഒന്നര വര്‍ഷത്തോളം ദ്യുതി വിലക്ക് നേരിട്ടിരുന്നു. രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതിയിൽ അനുകൂല വിധി നേടിയ ശേഷമാണ് ദ്യുതി വീണ്ടും മത്സര രംഗത്ത് എത്തിയത്. അതേ സമയം വിലക്കിനെതിരെ ആൻ്റി ഡോപ്പിങ് ഡിസിപ്ലിനറി പാനലിനെ സമീപിക്കുമെന്ന് ദ്യുതി ചന്ദ് വ്യക്തമാക്കി. ബോധപൂർവം ഉത്തേജക മരുന്ന് താൻ ഉപയോഗിച്ചിട്ടില്ല എന്നാണ് താരത്തിൻ്റെ വാദം.