കലാ സംവിധായകൻ സുനിൽ ബാബുവിന് അനുശോചനം രേഖപ്പെടുത്തി ദുൽഖർ
- IndiaGlitz, [Friday,January 06 2023]
സിനിമ പ്രൊഡക്ഷൻ ഡിസൈനറും കലാ സംവിധായകനുമായ സുനിൽ ബാബു (50) അന്തരിച്ചതിനു പിന്നാലെ നിരവധി സിനിമപ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി രംഗത്തു വന്നു. അതേസമയം ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. അപാരമായ കഴിവുള്ളയാളായിരുന്നു സുനിൽ ബാബുവെന്നും യാതൊരുവിധ ബഹളങ്ങളുമില്ലാതെ വളരെ ആവേശത്തോടെയാണ് അദ്ദേഹം ജോലി ചെയ്തതെന്നും ദുൽഖർ ഓർമിക്കുന്നതായി പറഞ്ഞു. നിങ്ങൾ ഞങ്ങളുടെ സിനിമകൾക്ക് ജീവൻ നൽകി, ഇതുമായി പൊരുത്തപ്പെടാൻ കഴിയില്ല. നിങ്ങളുടെ കുടുംബത്തിനും നിങ്ങളെ സ്നേഹിച്ച എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു എന്നാണ് ദുൽഖർ ഇൻസ്റ്റാഗ്രാമിൽ സുനിൽ ബാബുവിനെക്കുറിച്ചു പങ്കുവെച്ച കുറിപ്പ്.
കാലിലുണ്ടായ നീരിനെ തുടര്‍ന്ന് മൂന്നു ദിവസം മുമ്പാണ് സുനിൽ ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി എറണാകുളം അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി സ്വദേശിയായ അദ്ദേഹം മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളിലെ തിരക്കുള്ള കലാ സംവിധായകനായിരുന്നു. മലയാളത്തിൽ അനന്തഭദ്രം, ഉറുമി, ഛോട്ടാ മുംബൈ, ആമി, പ്രേമം, നോട്ട്ബുക്ക്, കായംകുളം കൊച്ചുണ്ണി, പഴശ്ശിരാജ, ബാംഗ്ലൂർ ഡെയ്സ് തുടങ്ങി ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. അനന്തഭദ്രത്തിലെ കലാ സംവിധാനത്തിന് മികച്ച കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ബോളിവുഡിൽ എം.എസ്. ധോണി, ഗജിനി, ലക്ഷ്യ, സ്പെഷൽ ചൗബീസ് തുടങ്ങിയ ചിത്രങ്ങളിൽ ഭാഗമായി. ഒരു ഇംഗ്ലീഷ് ചിത്രത്തിനും കലാ സംവിധാനം നിർവഹിച്ചിട്ടുണ്ട്.