സംവിധായകന്‍ കെ ജി ജോര്‍ജിൻ്റെ സംസ്‌കാരം ഇന്ന്
- IndiaGlitz, [Tuesday,September 26 2023]
അന്തരിച്ച സിനിമാ സംവിധായകന്‍ കെ ജി ജോര്‍ജിൻ്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് നാലരയ്ക്ക് കൊച്ചിയിലെ രവിപുരം ശ്മശശാനത്തിലാണ് സംസ്‌കാരം. ഇന്നു രാവിലെ പതിനൊന്നു മുതല്‍ വൈകീട്ട് മൂന്ന് മണിവരെ എറണാകുളം ടൗണ്‍ ഹാളില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് ആറിന് മാക്ടയും ഫെഫ്കയും സംയുക്തമായി അനുസ്മരണം സംഘടിപ്പിക്കും. ജോർജിൻ്റെ ആഗ്രഹ പ്രകാരമാണ് ഭൗതിക ശരീരം രവിപുരം ശ്മശാനത്തിൽ സംസ്കരിക്കുന്നത്.
ഞായറാഴ്ച രാവിലെ കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വച്ചായിരുന്നു കെ ജി ജോർജിൻ്റെ അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് 6 വര്‍ഷമായി ഇവിടെ ആയിരുന്നു താമസം. ഭാര്യയും മക്കളും സ്ഥലത്ത് ഇല്ലാത്തതിനാൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ജോർജിൻ്റെ ഭാര്യ സൽമയും മകൻ അരുണും കുടുംബവും ഗോവയിൽ നിന്നും മകൾ താര ദോഹയിൽ നിന്നും തിങ്കളാഴ്ച കൊച്ചിയിലെത്തി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു സംവിധാനം പഠിച്ച കെ ജി ജോർജ് സംവിധായകന്‍ രാമു കാര്യാട്ടിൻ്റെ സംവിധാന സഹായി ആയിട്ടാണ് സിനിമയിൽ എത്തിയത്. ആദ്യമായി സംവിധാനം ചെയ്ത ‘സ്വപ്നാടന’ത്തിന് 1976ല്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്, ആദാമിൻ്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍, ഇലവങ്കോടുദേശം തുടങ്ങി 40 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 19 സിനിമകള്‍ സംവിധാനം ചെയ്തു.