ദിലീപ് സിനിമ 148

  • IndiaGlitz, [Monday,January 23 2023]

ജനപ്രിയ നായകൻ ദിലീപിന്‍റെ അടുത്ത ചിത്രം നിർമ്മിക്കുവാനുളള ഒരുക്കത്തിലാണ് ഇഫാര്‍ മീഡിയ. തെന്നിന്ത്യയിലെ പ്രശസ്ത ബാനർ ആയ സൂപ്പർ ഗുഡ് ഫിലിംസിന്‍റെ സാരഥി ശ്രീ. ആർ ബി ചൗധരിയുമായി ചേർന്നാണ് ഇഫാർ മീഡിയ ഈ ചിത്രം നിർമ്മിക്കുന്നത്. ഉടൽ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ സംവിധാന മികവിൽ പ്രശംസ നേടിയ രതീഷ് രഘുനന്ദൻ ആണ് ഈ ദിലീപ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകളിലായി 96 ഓളം സിനിമകൾ നിർമ്മിച്ചിട്ടുള്ള സൂപ്പർ ഗുഡ് ഫിലിംസിൻ്റെ 97-മത്തെ ചിത്രമാണിത്. ഒട്ടനവധി അന്യഭാഷാ ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിന് എത്തിക്കുകയും നിരവധി മലയാള ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുള്ള ഇഫാർ മീഡിയയുടെ 18-മത്തെ ചിത്രമായിട്ടായിരിക്കും ഈ ദിലീപ് ചിത്രം ഒരുങ്ങുന്നത്.

ചിരഞ്ജീവിയും സൽമാൻ ഖാനും ഒരുമിച്ചഭിനയിച്ച, ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ഗോഡ് ഫാദർ ആണ് സൂപ്പർ ഗുഡ് ഫിലിംസ് അടുത്തിടെ നിർമ്മിച്ച ചിത്രം. സുരേഷ് ഗോപി - ജോഷി കൂട്ടുകെട്ടിൽ 2022 ലെ ഹിറ്റായി മാറിയ പാപ്പൻ” എന്ന ചിത്രത്തിനു ശേഷം ഇഫാർ മീഡിയ ഒരുക്കുന്ന ചിത്രമായിക്കും ദിലീപിന്‍റെ 148-ആം ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ജനുവരി 27ന് എറണാകുളത്ത് വെച്ച് ചിത്രത്തിന്‍റെ ലോഞ്ച് ഇവന്റും സ്വിച്ച് ഓൺ കർമ്മവും നടക്കും. തുടർന്ന് 28 മുതൽ കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത് ജെ നായർ. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.