നഷ്ടമായത് എൻ്റെ ജീവിതം; അതിജീവിതക്കെതിരെ ദിലീപ് ഹൈകോടതിയിൽ
- IndiaGlitz, [Tuesday,July 25 2023]
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനെന്ന് ദിലീപ്. നടിയെ ആക്രമിക്കുന്ന ചിത്രങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന ആവശ്യത്തിന് എതിരെയാണ് ദിലീപിൻ്റെ വാദം. വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ കൈകോർക്കുക ആണെന്നും വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമം അനുവദിക്കരുതെന്നും ദിലീപിൻ്റെ അഭിഭാഷകൻ വാദിച്ചു.
മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിനെ തുടർന്നാണ് ഹാഷ് വാല്യുവിൽ മാറ്റമുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹർജി നൽകിയത്. അന്വേഷണം ആവശ്യപ്പെടുന്നതിൽ എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് ജസ്റ്റിസ് കെ ബാബു ചോദിച്ചു. വിചാരണ നീണ്ടു പോകുന്നതിനാലാണ് ആശങ്ക എന്നായിരുന്നു മറുപടി. ഏത് സാഹചര്യത്തിലാണ് മെമ്മറി കാര്‍ഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചതെന്ന് അന്വേഷിക്കണമെന്നാണ് നടി ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.