പോലീസിലെ ഗുണ്ടാ മാഫിയ ബന്ധം: പരിശോധനയ്ക്കുത്തരവിട്ട് ഡി ജി പി

  • IndiaGlitz, [Friday,January 20 2023]

പോലീസിലെ ഗുണ്ടാമാഫിയ ബന്ധം സംസ്ഥാന വ്യാപക പരിശോധനയ്ക്ക് നിര്‍ദേശം നൽകി ഡിജിപി അനിൽ കാന്ത്. പോലീസിൽ ഗുണ്ടാ മാഫിയ ബന്ധമുള്ളവരെ പിരിച്ചുവിടല്‍ അടക്കമുളള കര്‍ശന നടപടിയെടുക്കാനും ഡിജിപി അനുമതി നല്‍കിയിട്ടുണ്ട്. ഐജി, ഡിഐജി, ജില്ലാ പോലീസ് മേധാവി, കമ്മീഷണര്‍ എന്നിവര്‍ക്കാണ് ഡിജിപി അനിൽ കാന്ത് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്ത്, ലൈംഗിക പീഡനക്കേസില്‍ പ്രതികളായ 2 പോലീസുകാരെയും പീഡനക്കേസിൻ്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഇന്‍സ്‌പെക്ടറെയും കഴിഞ്ഞദിവസം സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഗൗരവത്തിലെടുക്കണമെന്നും മുന്‍കാലങ്ങളിലുള്ള റിപ്പോര്‍ട്ടുകൾ പുനപ്പരിശോധിക്കണമെന്നും സേനയിലെ ഒരാളോടും വിട്ടുവീഴ്ച വേണ്ട എന്നും ജി പി അനിൽകാന്ത് വ്യക്തമാക്കി.

പോലീസ് ഗുണ്ടാ ബന്ധം പുറത്തു വന്ന പശ്ചാത്തലത്തിലാണ് ഡി ജി പിയുടെ ഇത്തരത്തിലുള്ള നടപടി. നിലവിൽ മാതൃകാപരമായ നടപടിയെടുത്തത് തിരുവനന്തപുരം ജില്ലയിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കര സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡനക്കേസിലും വയോധികയെ മര്‍ദിച്ച കേസിലും പ്രതിയായ നന്ദാവനം എ ആര്‍ ക്യാംപിലെ ഡ്രൈവർ ഷെറി എസ് രാജ്, മെഡിക്കല്‍ കോളജ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ പ്രതിയായ തിരുവനന്തപുരം ട്രാഫിക് സ്‌റ്റേഷനിലെ പോലീസുകാരന്‍ റെജി ഡേവിഡ്, പീഡന കേസിലെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ശ്രീകാര്യം സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അഭിലാഷ് ഡേവിഡ് എന്നിവരെയാണ് സര്‍വീസില്‍നിന്നു പുറത്താക്കിയത്‌.