ഡൽഹി ക്യാപിറ്റൽസും സൺ റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേർക്കുനേർ
- IndiaGlitz, [Saturday,April 29 2023] Sports News
ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. സീസൺ പാതിവഴിയിൽ എത്തി നിൽക്കെ പോയിൻറ് പട്ടികയിൽ അവസാന സ്ഥാനക്കാരാണ് ഡൽഹിയും ഹൈദരാബാദും. ഡൽഹിയുടെ ഹോം ഗ്രൌണ്ടായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. തുടർച്ചയായ അഞ്ച് പരാജയങ്ങളോടെയാണ് ഡൽഹി ഈ സീസണ് തുടക്കമിട്ടത്. അവസാനം നടന്ന രണ്ട് മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനെയും ഹൈദരാബാദിനെയും പരാജയപ്പെടുത്തിയ ഡൽഹി വിജയ വഴിയിലേയ്ക്ക് തിരിച്ചെത്തിയിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഹൈദരാബാദിനെ കീഴടക്കാന്‍ ഡല്‍ഹിക്കായിരുന്നു. 144 എന്ന ചെറിയ സ്കോര്‍ ഉയര്‍ത്തി പ്രതിരോധിച്ചായിരുന്നു വാര്‍ണറിന്റേയും കൂട്ടരുടേയും ജയം. അക്സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ക്കെ, ഇഷാന്ത് ശര്‍മ എന്നിവരുടെ മികച്ച ബോളിങ്ങ് പ്രകടനമായിരുന്നു ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്. ലോകോത്തര ബാറ്റിങ്, ബോളിങ് യൂണിറ്റുകള്‍ ഉണ്ടായിട്ടും അഞ്ച് തവണ
വിജയം നിഷേധിക്കപ്പെട്ട ഹൈദരാബാദ് ടീമിന്റെ കരുത്ത് ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ഖണ്ഡെ, ടി നടരാജന്‍, ഉമ്രാന്‍ മാലിക്ക് തുടങ്ങിയവരാണ്.