ക്യാപ്റ്റനായി അരങ്ങേറ്റം: കിലിയൻ എംബാപ്പെ നേടിയത് ഇരട്ട ഗോൾ

നായകന്‍റെ ആംബാന്‍ഡ് ആദ്യമായി അണിഞ്ഞ യുവതാരം കിലിയൻ എംബാപ്പെ ഇരട്ട ഗോൾ നേടി. ഫ്രാൻസ് ദേശീയ ടീമിൻ്റെ നായകനായി അരങ്ങേറ്റം കുറിച്ച മത്സരത്തിലാണ് യുവ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പ്രകടനം. ഹ്യൂഗോ ലോറിസ് ഒഴിഞ്ഞ പദവിയിൽ ആണ് സൂപ്പർ താരം കിലിയൻ എംബാപ്പെ അരങ്ങേറ്റം കുറിച്ചത്. ഫ്രാൻസ് നെതർലൻഡ്സിനെ വീഴ്ത്തിയത് മറുപടിയില്ലാത്ത 4 ഗോളുകൾക്ക് ആണ്. മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ആന്‍റോയിന്‍ ഗ്രീസ്‌മാന്‍ ഫ്രാന്‍സിനായി ആദ്യ ഗോള്‍ നേടി. ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായാണ് കിലിയന്‍ എംബാപ്പെ ഇരട്ട ഗോൾ നേടിയത്. എംബാപ്പെ നൽകിയ പാസിൽ കളിയുടെ രണ്ടാം മിനിറ്റിലായിരുന്നു ഗോൾ. ആറു മിനിറ്റ് കഴിഞ്ഞ് ദയോ ഉപമെകാനോയിലൂടെ ലീഡുയർത്തിയ ടീമിനെ ബഹുദൂരം മുന്നിലെത്തിച്ച് 21ാം മിനിറ്റിൽ എംബാപ്പെ വല കുലുക്കി. ​ദേശീയ ജഴ്സിയിൽ 37ാം ഗോൾ കണ്ടെത്തിയ താരം കളിയവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ വീണ്ടും എതിർ വലയിൽ പന്തെത്തിച്ച് നെതർലൻഡ്സിനെ 4-0 ന് ഫ്രാൻസ് തകർക്കുകയായിരുന്നു.