ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം വഹീദ റഹ്മാന്

  • IndiaGlitz, [Tuesday,September 26 2023]

ഈ വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍ക്കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത നടി വഹീദ റഹ്‌മാന്. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സിനിമക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് വഹീദ റഹ്‌മാന് പുരസ്‌കാരം സമര്‍പ്പിക്കുന്നത് എന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. അവാർഡ് പ്രഖ്യാപിക്കുന്നതിൽ തനിക്ക് വലിയ സന്തോഷവും ബഹുമാനവും തോന്നുന്നുവെന്ന് അദ്ദേഹം ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.

തെലുങ്ക് ചിത്രം രോജുലു മരായിയിലെ ഒരു നര്‍ത്തകിയുടെ വേഷത്തില്‍ 1955 ലാണ് വഹീദ റഹ്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സിഐഡി എന്ന ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന് മുന്‍പ് മറ്റൊരു തെലുങ്ക് ചിത്രത്തിലും രണ്ട് തമിഴ് ചിത്രങ്ങളിലും വഹീദ റഹ്‍മാന്‍ അഭിനയിച്ചിരുന്നു. പ്യാസ, കാഗസ് കെ ഫൂൽ, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔർ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയത്തിന് വഹീദ നിരൂപക പ്രശംസ നേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 50 വര്‍ഷം നീണ്ട കരിയറില്‍ നൂറിലേറെ ചിത്രങ്ങള്‍ ചെയ്തു. 2009 ല്‍ പുറത്തിറങ്ങിയ ഡല്‍ഹി 9 ആണ് അവസാന ചിത്രം. 1960ൽ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള രണ്ടാമത്തെ നടിയായിരുന്നു വഹീദ റഹ്‌മാന്‍. അക്കാലത്ത് ഒരു സിനിമക്ക് ഏഴ് ലക്ഷം രൂപ വരെ വഹീദക്ക് ലഭിച്ചിരുന്നു. 1971 ല്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 1972 ല്‍ പദ്മശ്രീയും 2011 ല്‍ പദ്മഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.