സൈബർ ആക്രമണം; ജെയ്ക്ക് സി. തോമസിന്റെ ഭാര്യ പരാതി നൽകി

  • IndiaGlitz, [Saturday,September 02 2023]

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിൻ്റെ ഭാര്യ ഗീതു തോമസ് തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസില്‍ പരാതി നല്‍കി. കോട്ടയം എസ് പിക്കാണ് പരാതി നല്‍കിയത്. സൈബര്‍ ആക്രമണം ആര്‍ക്കെതിരെയും ഉണ്ടാകാന്‍ പാടില്ല. കോൺഗ്രസ്‌ അനുകൂല പ്ലാറ്റ്‌ഫോമിൽ നിന്നാണ്‌ വ്യാജ വീഡിയോ അടക്കം പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

സ്‌ത്രീകൾ അടക്കമുള്ള കോൺഗ്രസ്‌ പ്രവർത്തകർ വളരെ മോശമായ രീതിയിൽ കമന്റ്‌ ചെയ്യുന്നുണ്ട്‌. മാനസികമായി വളരെയധികം ബുദ്ധിമുട്ട്‌ ഉണ്ടായതുകൊണ്ടാണ്‌ ഒൻപത്‌ മാസം ഗർഭിണിയായിട്ടും പൊലീസ്‌ സ്‌റ്റേഷനിൽ വരേണ്ടിവന്നതെന്നും ഗീതു പറഞ്ഞു. എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചത് വലിയ വേദനയുണ്ടാക്കിയെന്നും ഗീതു തോമസ് പറഞ്ഞു. ഗീതുവിനെതിരായ സൈബര്‍ ആക്രമണം മ്ലേച്ഛമെന്ന് ജെയ്ക്ക് പ്രതികരിച്ചിരുന്നു. ഗീതു തനിക്ക് പരിചയമുള്ള ചിലയിടങ്ങളില്‍ പോയി വോട്ടഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും അതിന്റെ പേരിലാണ് സൈബര്‍ അധിക്ഷേപം നടക്കുന്നതെന്നും ജെയ്ക്ക് പറഞ്ഞു. ഇന്നലെയാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഗീതുവിനെതിരായ സൈബര്‍ ആക്രമണം വന്ന് തുടങ്ങിയത്. ഗര്‍ഭിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷന്‍ പ്രവര്‍ത്തനത്തിന് ഇറക്കുന്നു എന്നും സഹതാപം ഉണ്ടാക്കി എടുക്കാനുള്ള ജയ്ക്കിന്റെ അവസാന അടവാണ് ഇതെന്നുമായിരുന്നു അധിക്ഷേപം.