ഗുജറാത്തിനെ തോൽപ്പിച്ച് സിഎസ്കെ അഞ്ചാം കിരീടം നേടി

ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് 2023ലെ ഐപിഎൽ കിരീടം സ്വന്തമാക്കി. ചെന്നൈ സൂപ്പർ കിങ്സിൻ്റെ അഞ്ചാം ഐപിഎൽ കിരീട നേട്ടമാണിത്. ഇതോടെ ഐപിഎൽ കിരീടങ്ങളിൽ ചെന്നൈ മുംബൈ ഇന്ത്യൻസിന് ഒപ്പമെത്തി. സിഎസ്കെ യുടെ മറുപടി ബാറ്റിംഗ് ആരംഭിച്ചതിന് പിന്നാലെ എത്തിയ കനത്ത മഴയും കാറ്റും മത്സരം തടസപ്പെടുത്തിയിരുന്നു. ഗുജറാത്ത് ടൈറ്റൻസ് മുന്നോട്ടുവെച്ച 215 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈ സൂപ്പർ കിംഗ്‌സ് മുഹമ്മദ് ഷമിയുടെ മൂന്ന് പന്തിൽ 4 റൺസെടുത്ത് നിൽക്കേയാണ് കനത്ത മഴയെത്തിയത്.

47 പന്തിൽ 8 ഫോറും 6 സിക്‌സും സഹിതം 96 റൺസെടുത്ത് പുറത്തായ സായ് സുദർശൻ്റെ കരുത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ പടുത്തുയർത്തുക ആയിരുന്നു. റുതുരാജും കോൺവേയും ചേർന്ന് ചെന്നൈയെ നാലോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസിലെത്തിച്ചു. ആറ് ഓവറിൽ തന്നെ ചെന്നൈ സ്കോർ 72ൽ എത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 214 റൺസ്. സെഞ്ചറി നഷ്ടമായ തമിഴ്നാടിൻ്റെ യുവതാരം സായ് സുദർശനാണ് ഗുജറാത്തിനായി തിളങ്ങിയത്. 47 പന്തുകൾ നേരിട്ട സായ് സുദർശൻ 96 റൺസെടുത്തു. 39 പന്തിൽ 54 റൺസെടുത്ത് പുറത്തായ ഓപ്പണർ വൃദ്ധിമാൻ സാഹയും ഗുജറാത്തിനായി അർധസെഞ്ചറി നേടി.