ഇൻസ്റ്റഗ്രാമിൽ റെക്കോർഡ് നിലനിർത്തി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്‌റ്റഗ്രാമിൽ നിന്ന് ഏറ്റവുമധികം വരുമാനം സ്വന്തമാക്കുന്ന സെലിബ്രിറ്റിയെന്ന റെക്കോർഡ് നിലനിർത്തി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. തുടർച്ചയായി മൂന്നാം വർഷമാണ് ക്രിസ്‌റ്റ്യാനോ ഇൻസ്‌റ്റ വരുമാനത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കുന്നത്. ഇൻസ്‌റ്റഗ്രാം ഷെഡ്യൂളിംഗ് ടൂളായ ഹോപ്പർ എച്ച്ക്യു സമാഹരിച്ച 2023ലെ ഇൻസ്‌റ്റഗ്രാം റിച്ച് ലിസ്‌റ്റ് അനുസരിച്ച്, ഒരു ഇൻസ്‌റ്റഗ്രാം പോസ്‌റ്റിന് 3.23 മില്യൺ ഡോളറാണ് റൊണാൾഡോ സമ്പാദിക്കുന്നത്.

2022 നവംബറിലാണ് 500 മില്യൺ ഫോളോവേഴ്‌സ് എന്ന നാഴികക്കല്ല് ആദ്യമായി മറികടക്കുന്ന താരം എന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. ഒൻപത് മാസത്തിൻ്റെ ഇടവേളയിൽ വൻ കുതിപ്പാണ് ഫോളോവേഴ്സിൻ്റെ കാര്യത്തിൽ റൊണാൾഡോയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉണ്ടാക്കിയത്. 2022 മേയ് മാസത്തിനു ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോളവേഴ്‌സിൽ 34 ശതമാനം വർധനവാണ് ഉണ്ടായത്. അതേ സമയം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ അൽ ഷോർട്ടയെ മറികടന്ന് അൽ നസർ അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ഷോർട്ടക്ക് എതിരായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അൽ നസ്റിൻ്റെ വിജയം.