ക്രിക്കറ്റിലെ നായകൻ ധോണിയ്ക്ക് ഇന്ന് 42-ാം പിറന്നാൾ

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം കണ്ട ഏറ്റവും മികച്ച നായകനായ എം എസ് ധോണിക്ക് ഇന്ന് പിറന്നാൾ സുദിനം. താരത്തിൻ്റെ നാൽപ്പത്തിരണ്ടാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്. രണ്ട് മാസം മുമ്പ് പൂർത്തിയായ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ചാം തവണയും കിരീടത്തിലേയ്ക്ക് നയിച്ചതിൻ്റെ സന്തോഷത്തിലാണ് ധോണി ഇത്തവണ പിറന്നാൾ ആഘോഷിക്കുന്നത്. നാൽപത്തി രണ്ട് പിന്നിടുമ്പോഴും ധോണിയുടെ ശാരീരിക ക്ഷമതയ്ക്കും പോരാട്ട വീര്യത്തിനും കുറവൊന്നും വന്നിട്ടില്ല. ഇനിയുമൊരു അങ്കത്തിനുള്ള ബാല്യം അദ്ദേഹത്തിലുണ്ടെന്ന് കഴിഞ്ഞ ഐപിഎല്ലിലും കൂടി തെളിയിച്ചതുമാണ്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫിനിഷര്‍ എന്നും മഹേന്ദ്ര സിങ് ധോണി വിശേഷിപ്പിക്കപ്പെടുന്നു. ഐപിഎല്‍ ട്വന്റി - 20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്സിൻ്റെ ക്യാപ്റ്റനായ എം.എസ്.ധോണിയെ ആരാധകര്‍ തല എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രണ്ട് ഐ സി സി ലോകകപ്പുകളിലും (2007 ട്വന്റി- 20, 2011 ഏകദിനം ഒരു ചാമ്പ്യന്‍സ് ട്രോഫിയിലും (2013) എത്തിച്ച ക്യാപ്റ്റനാണ് ധോണി. കഴിഞ്ഞ ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുമ്പ് ധോണി ഐപിഎലിൽ നിന്ന് വിരമിക്കുമെന്നും ധോണിയുടെ അവസാന സീസൺ ആയിരിക്കും ഇതെന്നും ചില വാർത്തകൾ പരന്നിരുന്നു. നിലവിൽ കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ധോണി റാഞ്ചിയിലെ വീട്ടിൽ വിശ്രമത്തിലാണ്.