ക്രിക്കറ്റ് വേൾഡ് കപ്പ്: ഉദ്ഘാടന മത്സരം ഒക്ടോബർ 5ന്
- IndiaGlitz, [Wednesday,June 28 2023] Sports News
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൻ്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 5ന് ലോകകപ്പിന് തുടക്കമാകും. ഒക്ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ലോകകപ്പ് നടക്കുക. ധരംശാല, ഡല്‍ഹി, ലഖ്നൗ, കൊല്‍ക്കത്ത, അഹമ്മദാബാദ്, മുംബൈ, ഹൈദരാബാദ്, പുണെ, ചെന്നൈ, ബെംഗളൂരു തുടങ്ങി 10 ഇടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ നേരിടും. അഹമ്മദാബാദിലാണ് മത്സരം. 11ന് അഫ്ഗാനെയും, 19ന് ബംഗ്ലദേശിനെയും 22ന് ന്യൂസീലന്‍ഡിനെയും 29ന് ഇംഗ്ലണ്ടിനെയും നവംബര്‍ 5ന് ദക്ഷിണാഫ്രിക്കയെയും ഇന്ത്യ നേരിടും.
വേദിയും മത്സരവും അനുസരിച്ച് ടിക്കറ്റിന് 500 രൂപ മുതല്‍ 10,000 രൂപ വരെ വിലവരും. മിക്ക ടിക്കറ്റുകളും ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കായി സൂക്ഷിക്കുന്നതോടൊപ്പം ടിക്കറ്റുകള്‍ ഓഫ്ലൈനായി വാങ്ങുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കും. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ക്രിക്കറ്റ് ലോകകപ്പ് വേദി ആയില്ലെങ്കിലും ഇന്ത്യയുടെ സന്നാഹ മല്‍സരത്തിന് കാര്യവട്ടം വേദിയാകും. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെയാണ് സന്നാഹ മത്സരങ്ങൾ. കേരളത്തിൽ സന്നാഹ മത്സരങ്ങൾ മാത്രം നടത്തുന്നതിന് എതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് സ്റ്റേഡിയമായി വിലയിരുത്തപ്പെടുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ലോകകപ്പ് ഫിക്സ്ചറിൽ നിന്ന് ഒഴിവാക്കിയതു നിരാശപ്പെടുത്തുന്ന കാര്യമാണെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.