ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ അമ്പതിൻ്റെ നിറവിൽ

ക്രിക്കറ്റ് സുൽത്താൻ സച്ചിൻ ടെൻഡുൽക്കർക്ക് ഇന്ന് അമ്പതാം പിറന്നാൾ. ഗോഡ് ഓഫ് ക്രിക്കറ്റ്, മാസ്റ്റർ ബ്ലാസ്റ്റർ, ലിറ്റിൽ മാസ്റ്റർ എന്നെല്ലാമുള്ള സനേഹ വിളികൾക്ക് ഉടമയായ സച്ചിൻ്റെ അമ്പതാം പിറന്നാൾ ആഘോഷമാക്കുകയാണ് രാജ്യവും കായിക ലോകവും. ഇന്ത്യയിലെ ശതകോടി ആരാധകരാണ് സച്ചിൻ ടെൻഡുൽക്കർന് പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുന്നത്. കവിയും നോവലിസ്റ്റും കോളജ് പ്രഫസറുമായിരുന്ന രമേഷ് ടെൻഡുൽക്കറിൻ്റെയും ഇൻഷ്വറൻസ് ഉദ്യോഗസ്ഥയായ രജ്‌നിയുടെയും മകനായി 1973 ഏപ്രിൽ 24ന് മുംബൈയിലെ ബാന്ദ്രയിൽ ആണ് സച്ചിൻ ടെൻഡുൽക്കറിന്റെ ജനനം. കവിയായ രമേഷ് ടെൻഡുൽക്കറിന് സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകനും ഗായകനുമായ സച്ചിന്‍ ദേവ് ബര്‍മനോടുണ്ടായ ആരാധനയാണ് സച്ചിന്‍ ടെൻഡുൽക്കർ എന്ന പേരിനു കാരണം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മൂന്നക്കം കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ. രഞ്ജിയിലും ദുലീപ് ട്രോഫിയിലും ഇറാനി കപ്പിലും അരങ്ങേറ്റ മത്സരങ്ങളിൽ സെഞ്ചുറി. 1989 നവംബറിൽ പാക്കിസ്താൻ പര്യടനത്തിന് തിരഞ്ഞെടുക്കപ്പെടുമ്പോൾ വെറു 16 വയസ്സുകാരൻ. കറാച്ചിയിൽ പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും ഇളമുറക്കാരൻ അന്നും ഇന്നും സച്ചിൻ തന്നെ. 24 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് ജീവിതം 2013 നവംബര്‍ 16 ന് സച്ചിന്‍ വിരാമമിട്ടു. സച്ചിന്‍ ടെൻഡുൽക്കർ ബാറ്റു വെച്ചൊഴിഞ്ഞിട്ട് ഇത് 10 -ാം വര്‍ഷം. ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിംഗ് റെക്കാര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ച ശേഷമാണ് സച്ചിന്‍ ടെൻഡുൽക്കർ രാജ്യാന്തര ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചത്. റണ്‍സ്, സെഞ്ചുറി, പ്ലെയര്‍ ഓഫ് ദ മാച്ച്, ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചുറി എന്നിങ്ങനെ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കാര്‍ഡുകളും സച്ചിൻ എന്ന ക്രിക്കറ്റ് ദൈവത്തിന് സ്വന്തമാണ്.