ജോൺ ബ്രിട്ടാസിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നൽകിയതിനെ ചോദ്യം ചെയ്ത് സിപിഎം
- IndiaGlitz, [Tuesday,May 02 2023]
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ലേഖനം എഴുതിയ ജോൺ ബ്രിട്ടാസിനെതിരെ രാജ്യസഭ ചെയര്മാന് കൂടിയായ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിനെതിരെ സിപിഎം മുന്നോട്ടു വന്നു. ആഭ്യന്തര മന്ത്രി അമിത്ഷാ കര്‍ണാടകത്തില്‍ നടത്തിയ കേരളത്തിനെതിരായ പരാമര്‍ശം ലേഖനത്തില്‍ ഉദ്ധരിച്ചു എന്നതിന്റെ പേരിലാണ് രാജ്യസഭ അധ്യക്ഷന്‍ വിളിച്ചു വരുത്തി വിശദീകരണം തേടിയിരിക്കുന്നത്. സംഘപരിവാറിന്റെ ഇടപെടലിലൂടെ കേരള വിരുദ്ധ സിനിമകള്‍ പോലും പടച്ചുവിടുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരം ഒരു നീക്കമെന്നും സിപിഎം വിമര്‍ശിച്ചു.
അമിത്ഷാ മാത്രമല്ല സംഘപരിവാറിന്റെ പല നേതാക്കളും നിരന്തരം കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തി കൊണ്ടിരിക്കുകയാണ് എന്നും സിപിഎം ചൂണ്ടിക്കാണിച്ചു. ബി.ജെ.പി മുന്നോട്ടു വെയ്ക്കുന്ന വർഗീയ അജണ്ടയ്ക്ക് കേരളത്തിനോടുള്ള അവഗണനക്കും എതിരായി ശക്തമായി പോരാടുന്ന എം.പിയാണ് ജോണ്‍ ബ്രിട്ടാസ്. ഇന്ത്യൻ ഭരണഘടനയുടെ ആര്‍ട്ടിക്കല്‍ 19 അഭിപ്രായ പ്രകടന സ്വാതന്ത്യം എല്ലാ പൗരന്മാര്ക്കും ഉറപ്പു വരുത്തുന്നുണ്ട്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നുമാണിത്. ഇത് പോലും വിസ്മരിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന സംഘപരിവാറിന്റെ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കേണ്ടത് ഉണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.