വിവാദ ഗോൾ: ബ്ലാസ്റ്റേഴ്സിന് 5 കോടി പിഴയടക്കേണ്ടി വന്നേക്കും
- IndiaGlitz, [Thursday,March 30 2023] Sports News
ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എൽ ഫുട്ബോൾ നോക്കൗട്ട് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട സംഭവത്തിൽ ബ്ലാസ്റ്റേഴ്സ് ടീം 5 കോടി രൂപ പിഴയൊടുക്കേണ്ടി വരുമെന്ന് സൂചന. താരങ്ങളെ മൈതാനത്ത് നിന്നു തിരികെ വിളിച്ച പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന് എതിരെയും നടപടിയുണ്ടായേക്കും. അതേസമയം കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിലക്കോ പോയിന്റ് വെട്ടിക്കുറയ്ക്കലോ ഉണ്ടായേക്കില്ല. മത്സരം വീണ്ടും നടത്തണമെന്ന ബ്ലാസ്റ്റേഴ്സിൻ്റെ ആവശ്യം എഐഎഫ്എഫ് അച്ചടക്ക സമിതി തള്ളിയിരുന്നു. വിവാദത്തിൽ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കൊമനോവിച്ചിനു കാരണം കാണിക്കൽ നോട്ടിസും നൽകിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ്- ബാംഗ്ലൂർ എഫ് സി പോരാട്ടത്തിലുണ്ടായ വിവാദ സംഭവമിങ്ങനെ; അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ സുനില്‍ ഛേത്രിയെ ഫൗള്‍ ചെയ്തതിന് ബെംഗളൂരുവിന് ഫ്രീകിക്ക് കിട്ടി. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ അണിനിരക്കും മുമ്പ് ഛേത്രി പന്ത് ചിപ് ചെയ്ത് വലയിലാക്കി. ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഗോള്‍ കീപ്പറും റെഡിയാകാതെ സ്ഥാനം തെറ്റി നില്‍ക്കുമ്പോഴായിരുന്നു ഛേത്രി പന്ത് ചിപ് ചെയ്ത് വലയിലാക്കിയത്. ഇതോടെ ബെംഗളൂരു സ്‌കോര്‍ബോര്‍ഡില്‍ മുന്നിലെത്തി. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇത് ഗോളല്ല എന്ന് വാദിച്ചു. ഉടനടി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തൻ്റെ താരങ്ങളെ മൈതാനത്തിന് പുറത്തേക്ക് തിരിച്ചുവിളിച്ചു. ഇതോടെ മത്സരം തടസപ്പെടുകയാണ് ഉണ്ടായത്.