മന്ത്രി പി രാജീവിൻ്റെ പഴ്‌സണല്‍ സ്റ്റാഫിനെതിരെ പരാതി
- IndiaGlitz, [Tuesday,July 25 2023]
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ ഫെയ്സ്ബുക് പേജിൽ പ്രസ്താവന നടത്തിയ സേതുരാജിനെതിരെ പൊലീസിൽ പരാതി. മന്ത്രി പി.രാജീവിൻ്റെ അസി.പ്രൈവറ്റ് സെക്രട്ടറിയും മുൻ ജില്ലാ ഇൻഫർമേഷൻ ഓഫിസറുമാണ് സേതുരാജ്. അരനൂറ്റാണ്ട് എത്തുന്ന തൻ്റെ ജീവിതത്തിൽ സമ്പാദിച്ചതെല്ലാം ഉമ്മൻ ചാണ്ടിയോടുള്ള വെറുപ്പാണെന്നും ഇനി ചെയ്യുന്ന ഓരോന്നും അദ്ദേഹത്തോടുള്ള വെറുപ്പിൻ്റെ പ്രകടനമാണെന്നുമാണു സേതുരാജ് കുറിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ജിന്റോ ജോൺ ആണ് പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്. സർക്കാർ ഉദ്യോഗസ്ഥനായ സേതുരാജ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്നാണ് പരാതി. സേതുരാജിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും സംസ്ഥാനത്തെ ഒരു മന്ത്രിയുടെ സ്റ്റാഫിൻ്റെ പ്രസ്താവന പിൻവലിച്ച് കേരളീയ പൊതു സമൂഹത്തോട് മാപ്പ് പറയണം എന്നും ജിന്റോ ജോൺ ആവശ്യപ്പെട്ടു. നേരത്തേയും ഉമ്മൻ ചാണ്ടിയെ അപമാനിച്ചവർക്കെതിരെ കേസെടുത്തിരുന്നു. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.